മത്സരശേഷമുള്ള വാർത്ത സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; ഷോൺ ടെയ്റ്റിൻ്റെ മൈക് ഓഫ് ചെയ്ത് പാകിസ്ഥാൻ ബോർഡ് പ്രതിനിധി

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ ആറാം മത്സരത്തിനു ശേഷം നടന്നത് നാടകീയ സംഭവങ്ങൾ. മത്സരത്തിനുശേഷം പാക്കിസ്ഥാൻ ബൗളിംഗ് കോച്ചായ ഷോർട്ട് ടെയ്റ്റ് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പാക്കിസ്ഥാൻ ഉയർത്തിയ 170 റൺ വിജയലക്ഷം വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 14.3 ഓവറിൽ ഇംഗ്ലണ്ട് മറികടന്നിരുന്നു.

ഈ മത്സരത്തിനുശേഷമാണ് പാക്കിസ്ഥാൻ ടീമിനെ പ്രതിനിധീകരിച്ച് ഷോൺ ടെയ്റ്റ് വാർത്താ സമ്മേളനത്തിന് എത്തിയത്. വാർത്ത സമ്മേളനം തുടങ്ങി ഇനി ചോദ്യങ്ങൾ ചോദിക്കാം എന്ന് ഓസ്ട്രേലിയ താരം പറഞ്ഞു. തുടർന്ന് ബൗളർമാർ തല്ലു വാങ്ങുമ്പോഴും ദയനീയമായി ടീം പരാജയപ്പെടുമ്പോഴും എന്നെ വാർത്താസമ്മേളനത്തിന് അവർ അയക്കുമെന്ന് തമാശ രൂപേണ പറഞ്ഞു.

ഇതുകേട്ടയുടനെ പാക് ക്രിക്കറ്റ് ബോർഡ് പ്രതിനിധി സമീപമെത്തി മൈക്ക് ഓഫ് ചെയ്തു. താങ്കൾ ഓക്കേ അല്ലേ എന്ന് ചോദിച്ചത് ശേഷമാണ് പ്രതിനിധി മൈക്ക് ഓഫ് ചെയ്തത്. തുടർന്ന് ടെയ്റ്റ് ഇപ്പോൾ നടത്തിയ പ്രസ്താവന കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കും എന്നും ബോർഡ് പ്രതിനിധി അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി.

മോഡറേറ്ററായി എത്തിയ ബോർഡ് പ്രതിനിധിയാണ് താരത്തിന്റെ മൈക്ക് ഓഫ് ചെയ്തത്. ശേഷം മൈക്ക് ഓൺ ചെയ്ത് വാർത്താസമ്മേളനം തുടർന്നു. പാക്കിസ്ഥാൻ ബൗളർമാർ ഡെത്ത് ഓവറിൽ മോശം പ്രകടനം ആണല്ലോ പുറത്തെടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ, കഴിഞ്ഞ കളിയിൽ പാക്കിസ്ഥാൻ ജയിച്ചത് ഡെത്ത് ഓവറിൽ ആണെന്നായിരുന്നു മുൻ ഓസ്ട്രേലിയൻ പേസർ നൽകിയ മറുപടി. ഏഴു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ നിലവിൽ ഇരു ടീമുകളും മൂന്നു മത്സരങ്ങൾ വിജയിച്ച് സമനിലയിലാണ്. നാളെയാണ് പരമ്പര വിജയികളെ നിശ്ചയിക്കുന്ന അവസാന മത്സരം.