150 കിലോമീറ്റർ സ്പീഡ് ഒക്കെ സിമ്പിൾ 😱കരിയറിൽ ഒന്നുമാകാതെ പോയ സൂപ്പർ താരം

2002-03 സീസണിൽ സൗത്ത് ഓസ്ട്രേലിയക്ക്‌ വേണ്ടി ഒരു 19-കാരൻ പയ്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. വേഗതയേറിയ പന്തുകൾ കൊണ്ട് എതിർ ബാറ്റർമാരെ വിറപ്പിച്ച ആ പയ്യൻ, തന്റെ അരങ്ങേറ്റ സീസണിൽ 5 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകൾ വീഴ്ത്തി, ഓസ്ട്രേലിയൻ ക്രിക്കറ്റിലേക്കുള്ള തന്റെ വരവറിയിച്ചു. പറഞ്ഞു വരുന്നത് ലോക ക്രിക്കറ്റിന് ഓസ്ട്രേലിയ സംഭാവന ചെയ്ത ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ഷോൺ ടൈറ്റിനെ കുറിച്ചാണ്.

സൗത്ത് ഓസ്ട്രേലിയക്ക്‌ വേണ്ടി നടത്തിയ പ്രകടനം, ടൈറ്റിനെ ഓസ്ട്രേലിയ എ ടീമിന്റെ ഭാഗമാക്കി. തുടർന്ന്, 2004-ൽ കൗണ്ടി ക്രിക്കറ്റിൽ ഡുർഹാമിന്റെ ഭാഗമായതോടെ, കാര്യങ്ങൾ മാറി മറിഞ്ഞു. ഡുർഹാമിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ 12 ഓവർ പന്തെറിഞ്ഞ ടൈറ്റ്, 21 നോബോളുകൾ എറിഞ്ഞ് അക്ഷരാർത്ഥത്തിൽ ക്രിക്കറ്റ്‌ ആരാധകരെ ഞെട്ടിച്ചു. എന്നിരുന്നാലും, ടൈറ്റിന്റെ ബൗളിംഗ് വേഗതയിൽ ആകർഷകരായ ഓസ്ട്രേലിയൻ ടീം മാനേജ്മെന്റ്, പരിക്കേറ്റ ബ്രെറ്റ് ലീക്ക്‌ പകരം, 2004-ലെ ശ്രീലങ്കൻ ടെസ്റ്റ്‌ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടെസ്റ്റ്‌ ടീമിൽ ടൈറ്റിനെ ഉൾപ്പെടുത്തി. എന്നിരുന്നാലും, നിർഭാഗ്യവശാൽ ഒരു മത്സരത്തിൽ പോലും ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ ഫാസ്റ്റ് ബൗളർക്ക് ആയില്ല.

എന്നാൽ, 2004-05 സീസണിൽ ക്വീൻസ്ലാൻഡിന് വേണ്ടി 65 വിക്കറ്റുകൾ വീഴ്ത്തി, ഒരു സൗത്ത് ഓസ്‌ട്രേലിയൻ ബൗളർ ഒരു സീസണിൽ നേടുന്ന ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന നേട്ടം കൈവരിച്ച ഷോൺ ടൈറ്റ്, 2005 ആഷസ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ സ്‌ക്വാഡിൽ, ഗ്ലെൻ മഗ്രാത്ത്, ജേസൺ ജില്ലസ്‌പി എന്നിവർക്കൊപ്പം ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്മെന്റിൽ അംഗമായി. ഷോൺ ടൈറ്റ് ഓസ്ട്രേലിയൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീമിന്റെ ഭാവി വാഗ്ദാനമാവും എന്ന് പലരും വിധി എഴുതിയെങ്കിലും, തുടർച്ചയായ പരിക്കുകൾ വില്ലനായതോടെ ഓസ്ട്രേലിയൻ കുപ്പായത്തിൽ 3 ടെസ്റ്റ്‌ മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിക്കാനായത്.

എന്നാൽ, വീണ്ടും പരിക്കേറ്റ ബ്രെറ്റ് ലീയുടെ അഭാവം തുണയായതോടെ, 2007 ഐസിസി ഏകദിന ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ ടൈറ്റിന് അവസരം ലഭിച്ചു. ടൂർണമെന്റിൽ 23 വിക്കറ്റുകൾ വീഴ്ത്തി, ടൂർണമെന്റിൽ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനായതോടെ, ടൈറ്റ് ഓസ്ട്രേലിയൻ മാനേജ്മെന്റിന്റെ കയ്യടി നേടി. എന്നാൽ, വീണ്ടും 2008-ൽ പരിക്കും മാനസിക ബുദ്ധിമുട്ടുകളും നേരിട്ടത്തിനെ തുടർന്ന് ടൈറ്റ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാലത്തേക്ക് ബ്രേക്ക് എടുക്കുന്നതായി പ്രഖ്യാപിച്ചു. പിന്നെയും ഇടയ്ക്കിടെ ഓസ്ട്രേലിയൻ ജേഴ്സിയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും, ആ ജ്വലിച്ചു നിന്നിരുന്ന കനൽ ആളിക്കത്താതെ അണഞ്ഞു പോയി.