ടി :20 ടീമിൽ മാറ്റങ്ങൾ :രണ്ട് താരങ്ങൾ പുറത്ത് പകര യുവ താരങ്ങൾ ടീമിൽ

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ 3-0ന്റെ സൂപ്പർ ജയം നേടിയ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. രോഹിത് ശർമ്മ നായകനായ ടീം ഇന്നലെ നടന്ന മത്സരത്തിൽ 96 റൺസ്‌ ജയം കരസ്ഥമാക്കിയാണ് പരമ്പര തൂത്തുവാരിയത്. വെസ്റ്റ് ഇൻഡീസ് എതിരെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യൻ ടീം ഒരു ഏകദിന പരമ്പര തൂത്തുവാരുന്നത് എന്നത് ശ്രദ്ധേയം.

അതേസമയം വരാനിരിക്കുന്ന ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ചില മാറ്റങ്ങൾ പ്രഖ്യാപിക്കുകയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്. നേരത്തെ ടി :20 പരമ്പരക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോൾ പരിക്ക് കാരണം രണ്ട് സൂപ്പർ താരങ്ങളെ ഒഴിവാക്കുകയാണ്. പകരം ഏകദിന സ്‌ക്വാഡിന്റെ ഭാഗമായിരുന്ന രണ്ട് താരങ്ങൾക്ക് അവസരം ലഭിക്കുകയാണ്. സ്റ്റാർ ബാറ്റ്‌സ്മാനായ ലോകേഷ് രാഹുൽ, സ്പിന്നർ അക്ഷർ പട്ടേൽ എന്നിവരെയാണ് ടി :20 സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയത്.

പരിക്കിൽ നിന്നും പൂർണ്ണ മുക്തി നേടാനാണ് ഇരുവർക്കും ടി :20 പരമ്പരയിൽ നിന്നും വിശ്രമം അനുവദിച്ചത്.നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ പോയി പരിശീലനവും പൂർണ്ണ ഫിറ്റ്നസ് നേടാനുമാണ് ഇരുവർക്കുമുള്ള നിർദ്ദേശം. അതേസമയം പകരം ഏകദിന സ്‌ക്വാഡിന്റെ ഭാഗമായ യുവ ബാറ്റ്‌സ്മാൻ ഋതുരാജ് ഗെയ്ക്ഗ്വാദ്, ആൾറൗണ്ടർ ദീപക് ഹൂഡ എന്നിവരോട് ടി :20സ്‌ക്വാഡിനൊപ്പം ചേരാനും ആവശ്യപെട്ടിട്ടുണ്ട്. നേരത്തെ കോവിഡ് ബാധിതനായത് കാരണം ഏകദിന പരമ്പര നഷ്ടമായ ഗെയ്ക്ഗ്വാദ് ഐപിഎല്ലിൽ അടക്കം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ മികച്ച ഫോമിലുള്ള ഹൂഡക്കും ടി :20 പ്ലേയിംഗ്‌ ഇലവനിൽ അവസരം ലഭിക്കുമോയെന്നത് തന്നെയാണ് പ്രധാനം.

ടി :20 സ്ക്വാഡ് : രോഹിത് ശർമ, ഋതുരാജ് ഗെയ്ക്ഗ്വാദ്,ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ്‌ സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ.