ഞങ്ങളുമുണ്ട് ലോകക്കപ്പ് കളിക്കാൻ!! യോഗ്യത നേടി ടീമുകൾ | ICC T :20 World Cup

ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പിന് യോഗ്യത നേടി നെതർലാൻസും സിംബാബ്‌വെയും. ഗ്ലോബൽ ക്വാളിഫയർ 2-വിൽ സെമി ഫൈനലുകളിൽ വിജയിച്ചതോടെയാണ്, നെതർലാൻസും സിംബാബ്‌വെയും ഐസിസി ലോകകപ്പിന്റെ ആദ്യ റൗണ്ടിലേക്ക് ടിക്കറ്റ് നേടിയത്. നെതർലാൻസ്‌ യുഎസ്എയും സിംബാബ്‌വെ പാപുവ ന്യൂ ഗ്വിനിയെയുമാണ് സെമി ഫൈനൽ മത്സരങ്ങളിൽ പരാജയപ്പെടുത്തിയത്.

ഒന്നാം സെമി ഫൈനലിൽ, സിംബാബ്‌വെയും പാപുവ ന്യൂ ഗ്വിനിയെയും ഏറ്റുമുട്ടിയപ്പോൾ, ആദ്യം ബാറ്റ്‌ ചെയ്ത സിംബാബ്‌വെ, 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാപുവ ന്യൂ ഗ്വിനിയക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് കണ്ടെത്താനെ സാധിച്ചുള്ളൂ. ഇതോടെ, സിംബാബ്‌വെ 27 റൺസ് ജയം സ്വന്തമാക്കി ടി20 ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കി.

രണ്ടാം സെമി ഫൈനൽ മത്സരത്തിൽ, നെതർലാൻസും യുഎസ്എയും ഏറ്റുമുട്ടിയപ്പോൾ, ആദ്യം ബാറ്റ്‌ ചെയ്ത യുഎസ്എ, 19.4 ഓവറിൽ 138 റൺസിന് ഓൾഔട്ടായി. വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലാൻസ്‌, 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടി. 7 വിക്കറ്റ് ജയത്തോടെ നെതർലാൻസ്‌ ടി20 ലോകകപ്പ് ടിക്കറ്റും ഉറപ്പിച്ചു.

നേരത്തെ, ക്വാളിഫയർ എ -യിൽ നിന്ന് അയർലൻഡും യുഎഇയും ടി20 ലോകകപ്പിന് യോഗ്യത നേടിയിരുന്നു. യോഗ്യത ലഭിച്ച ടീമുകൾ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സ്കോട്ലാൻഡ്, നമീബിയ എന്നീ ടീമുകളുമായി ഐസിസി ടി20 ലോകകപ്പിന്റെ ഒന്നാം റൗണ്ടിൽ ഏറ്റുമുട്ടും. ഇവരിൽ ടോപ് ഫോർ ആകുന്ന ടീമുകൾ, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഘാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം സൂപ്പർ 12-ൽ മത്സരിക്കും