ഇന്ത്യൻ ടീമിൽ പുതിയ താരം 😱ആരാണ് ഈ സൗരഭ് കുമാർ

ഇന്ത്യൻ ടീമിൽ ഇടംനേടിയ 28 കാരനായ സൗരഭ് കുമാറിന്, ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ മണ്ണിൽ ഇറങ്ങുന്നത് ഒരു സ്വപ്ന സാക്ഷാത്കാര നിമിഷമാണ്. ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ മൈതാനത്തിറങ്ങുന്ന ഇന്ത്യൻ ടീമിൽ, ഒരു കളിയിലെങ്കിലും ഫസ്റ്റ് ഇലവനിൽ അവസരം ലഭിക്കുമോ എന്നത്, ഒരു സ്പിൻ ഓൾറൗണ്ടറായ സൗരഭ് കുമാറിനെ സംബന്ധിച്ചിടത്തോളം ആവേശകരമായ കാത്തിരിപ്പാണ്.

1993 മെയ് 1 ന് ജനിച്ച സൗരഭ് കുമാർ ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയാണ്. ഇടങ്കയ്യൻ സ്പിന്നർ, ആഭ്യന്തര ക്രിക്കറ്റിൽ യുപിക്ക് വേണ്ടി അണ്ടർ 19, അണ്ടർ 22 തലങ്ങളിൽ കളിച്ചിട്ടുണ്ട്. 2014ൽ ഹിമാചൽ പ്രദേശിനെതിരെ സർവീസസിനുവേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു. മത്സരത്തിൽ 45 റൺസ് നേടിയ ഓൾറൗണ്ടർ ഒരു വിക്കറ്റും വീഴ്ത്തി.

പിന്നീട് കുമാർ സ്വന്തം സ്വദേശമായ യുപിയിലേക്ക് മാറി. 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളടങ്ങിയ തന്റെ ഹ്രസ്വ കരിയറിൽ, ഇടങ്കയ്യൻ ഓൾറൗണ്ടർ 2.70 ഇക്കോണമിയിൽ മൊത്തം 196 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഒരു ഇന്നിംഗ്‌സിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഏഴ് വിക്കറ്റ് നേട്ടമാണ്. ലിസ്റ്റ്-എ ഫോർമാറ്റിൽ 4.38 ഇക്കോണമി നിരക്കുള്ള കുമാറിന്റെ ടി20 സ്‌പെല്ലുകൾ റൺസ് ഒഴുക്കിന് പേരുകേട്ടതാണ്. അതുകൊണ്ട് തന്നെ, ടി20 ക്രിക്കറ്റിൽ 7.03 ഇക്കോണമി നിരക്കുള്ള സൗരഭ് കുമാർ, 2017, 2021 ഐപിഎൽ സീസണുകളിൽ യഥാക്രമം റൈസിംഗ് പൂനെ സൂപ്പർജയന്റ്‌സ്, പഞ്ചാബ് കിംഗ്‌സ് ടീമുകളുടെ ഭാഗമായെങ്കിലും, ഐപിഎല്ലിൽ ഇതുവരെ അരങ്ങേറ്റം കുറിക്കാൻ കുമാറിന് അവസരം ലഭിച്ചിട്ടില്ല.

സൗരഭ് കുമാറിന്റെ ബാറ്റിംഗ് കഴിവിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 63 ഇന്നിംഗ്‌സുകളിൽ നിന്നായി 1,572 റൺസ് ഈ ഇടംകൈയ്യൻ ബാറ്റർ നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും എട്ട് അർധസെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതുവരെയുള്ള ലിസ്റ്റ്-എ കരിയറിൽ 24 ഇന്നിംഗ്‌സുകളിൽ നിന്ന് 37 വിക്കറ്റുകൾ വീഴ്ത്തിയ കുമാർ, 16 ഇന്നിങ്‌സുകളിൽ നിന്നായി 173 റൺസ് നേടിയിട്ടുണ്ട്.