ബാബർ അസം അരികിലേക്ക് എത്തി സൂര്യകുമാർ യാദവ്!! ഇനി ലക്ഷ്യം ഒന്നാം സ്ഥാനം

വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മൂന്നാം ടി20 മത്സരത്തിൽ 76 റൺസ് നേടി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സൂര്യകുമാർ യാദവ്, ഐസിസി ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ വലിയ കുതിപ്പ് നടത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ അപ്രതീക്ഷിതമായി ഓപ്പണർ റോളിൽ ഇറങ്ങിയ സൂര്യകുമാർ യാദവ്, ആദ്യ രണ്ട് മത്സരങ്ങളിലും വലിയ സ്കോർ കണ്ടെത്താൻ പരാജയപ്പെട്ടെങ്കിലും, മൂന്നാം ടി20യിൽ അർദ്ധ സെഞ്ച്വറി പ്രകടനവുമായി ഇന്ത്യയുടെ ജയത്തിൽ നിർണായ പങ്കുവഹിച്ചു.

ഇതോടെ, രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സൂര്യകുമാർ യാദവ് ഐസിസി ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാമതെത്തി. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗോടെയാണ് സൂര്യകുമാർ യാദവ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതോടെ, 816 റേറ്റിംഗുള്ള സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.

818 റേറ്റിംഗുള്ള ബാബർ അസമിനെക്കാൾ രണ്ട് പോയിന്റ് മാത്രമാണ് സൂര്യകുമാർ യാദവിന് കുറവുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങളിൽ കൂടി സൂര്യകുമാർ യാദവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ ആയാൽ അദ്ദേഹത്തിന് ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്താം. നിലവിൽ ഐസിസി ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരമാണ് സൂര്യകുമാർ യാദവ്.

മുഹമ്മദ്‌ റിസ്വാൻ (794), ഐഡൻ മാർക്രം (788), ഡേവിഡ് മലൻ (731), ആരോൺ ഫിഞ്ച് (731), ഡിവോൺ കോൺവെ (668), പതും നിസ്സങ്ക (661), നികോളാസ് പൂരൻ (652), മാർട്ടിൻ ഗപ്റ്റിൽ (643) എന്നിവരാണ് സൂര്യകുമാർ യാദവിന് പിറകിലായി യഥാക്രമം ആദ്യ പത്തിൽ ഉള്ള ബാറ്റർമാർ. സൂര്യകുമാർ യാദവിന് ശേഷം 14-ാം സ്ഥാനത്തുള്ള ഇഷാൻ കിഷൻ ആണ് പട്ടികയിലെ രണ്ടാമത്തെ ഇന്ത്യൻ ബാറ്റർ.