കുറച്ച് ബോൾ പെട്ടനൊരു ഫിഫ്റ്റി അതാണ്‌ സൂര്യ സ്റ്റൈൽ!!!അപൂർവ്വ നേട്ടവുമായി സൂര്യകുമാർ യാദവ്

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ നിറം മങ്ങിയെങ്കിലും, നെതർലൻഡ്സിനെതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് മികച്ച പ്രകടനം നടത്തിയിരുന്നു. നാലാമനായി ക്രീസിൽ എത്തിയ സൂര്യ, 25 പന്തിൽ 7 ഫോറും ഒരു സിക്സും സഹിതം 204.00 സ്ട്രൈക്ക് റേറ്റിൽ 51* റൺസ് നേടി പുറത്താകാതെ ക്രീസിൽ തുടരുകയായിരുന്നു. വിരാട് കോഹ്‌ലിക്കൊപ്പം മൂന്നാം വിക്കറ്റിൽ 95 റൺസിന്റെ കൂട്ടുകെട്ടും സൂര്യകുമാർ യാദവ് സൃഷ്ടിച്ചു.

വളരെ കാലത്തിനുശേഷം, ഇന്ത്യൻ ടീമിന് ലഭിച്ച ഒരു മികച്ച നാലാം നമ്പർ ബാറ്റർ ആയി ആണ് സൂര്യകുമാർ യാദവിനെ കാണുന്നത്. സൂര്യ ആ നിലവാരം പുലർത്തുന്നുണ്ട്. നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിൽ അതിവേഗം റൺസ് ഉയർത്തിയ സൂര്യകുമാർ യാദവ്, ഇന്നിംഗ്സിന്റെ അവസാന ബോളിൽ സിക്സ് അടിച്ചാണ്, 25 ബോളിൽ അർദ്ധ സെഞ്ച്വറി തികച്ചത്. ഈ പ്രകടനത്തോടെ ഒരു അപൂർവ്വ റെക്കോർഡും സൂര്യകുമാർ യാദവ് സ്വന്തമാക്കിയിരിക്കുകയാണ്.

ടി20 ഫോർമാറ്റിൽ ഒരു വർഷം, 200-ന് മുകളിൽ സ്ട്രൈക്ക് റേറ്റോടെ 5 അർദ്ധ സെഞ്ചുറികൾ നേടുന്ന ആദ്യ ബാറ്റർ ആയി മാറിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. മറ്റാർക്കും അത്ര പെട്ടെന്ന് നേടിയെടുക്കാൻ ആകാത്ത ഒരു റെക്കോർഡ് ആണ് ഇന്ത്യൻ ബാറ്റർ സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല, നെതർലൻഡ്സിനെതിരെ 25 പന്തിൽ അർദ്ധ സെഞ്ചുറി നേടിയതോടെ, ടി20 ലോകകപ്പിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ നാലാമത്തെ അർദ്ധ സെഞ്ച്വറി സൂര്യകുമാർ യാദവിന്റെ പേരിലായി.

കരിയറിൽ ഇതുവരെ 33 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള സൂര്യകുമാർ യാദവ്, 39.88 ശരാശരിയിൽ 1037 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 32-കാരനായ സൂര്യകുമാർ യാദവ് നിലവിൽ, ഐസിസി ടി20 റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്. ലോകകപ്പിൽ ശേഷിക്കുന്ന മത്സരങ്ങളിലും, സൂര്യകുമാർ യാദവിന്റെ പ്രകടനം ഇന്ത്യയുടെ ഫലത്തിൽ കാര്യമായ സ്വാധീനം ചെലുത്തും.