ഇന്ത്യ : സൗത്താഫ്രിക്ക കാര്യവട്ടം ടി :20 ഇന്ന്!! സൂര്യകുമാറിനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടങ്ങൾ

ബുധനാഴ്ച (സെപ്റ്റംബർ 28) കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം മൂന്നുവർഷത്തിനുശേഷം ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാവുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം കളിക്കുവാൻ ഇന്ത്യൻ താരങ്ങൾ കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി20 മത്സരത്തിൽ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ ആണ്.

ഈ വർഷം രാജ്യാന്തര ടി20 മത്സരങ്ങളിൽ സൂര്യകുമാർ യാദവ് 20 ഇന്നിംഗ്സുകളിൽ നിന്ന് 682 റൺസ് നേടിയിട്ടുണ്ട്. നിലവിൽ, 2018-ൽ 689 റൺസ് നേടിയ ശിഖർ ധവാൻ ആണ് ഒരു കലണ്ടർ വർഷത്തിൽ ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റർ. എന്നാൽ, കാര്യവട്ടത്ത് നടക്കുന്ന ആദ്യ ടി20 മത്സരത്തിൽ സൂര്യകുമാർ യാദവ് 8 റൺസ് സ്കോർ ചെയ്താൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റർ ആയി സൂര്യകുമാർ യാദവ് മാറും.

കൂടാതെ, ഒരു സിക്സ് അകലെ മറ്റൊരു റെക്കോർഡ് കൂടി സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ കാര്യവട്ടം ടി20-യിൽ സൂര്യകുമാർ യാദവിന് ഒരു സിക്സ് നേടാൻ കഴിഞ്ഞാൽ, അത് അദ്ദേഹം ഈ വർഷം ടി20 ഫോർമാറ്റിൽ നേടുന്ന 43-ാമത്തെ സിക്സ് ആയി മാറും. അതോടെ അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റർ ആയി സൂര്യകുമാർ യാദവ് മാറും.

ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ ഹൈദരാബാദ് ടി20 യിൽ 5 സിക്സുകൾ അടിച്ച സൂര്യകുമാർ യാദവ്, നിലവിൽ 2021-ൽ ടി20 ഫോർമാറ്റിൽ 42 സിക്സുകൾ നേടിയ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റെ റെക്കോർഡിനൊപ്പം ആണ് ഉള്ളത്. എന്നാൽ കാര്യവട്ടത്ത് സൂര്യകുമാർ യാദവിന് ഒരു സിക്സ് കൂടി നേടാനായാൽ ഈ റെക്കോർഡ് ഇന്ത്യൻ താരത്തിന്റെ പേരിൽ മാത്രമാകും. ഈ റെക്കോർഡുകൾ എല്ലാം കാര്യവട്ടത്ത് സൂര്യകുമാർ യാദവിന് നേടാൻ ആയാൽ, കേരളനാട് സൂര്യകുമാർ യാദവിന്റെ ക്രിക്കറ്റ് കരിയറിൽ അദ്ദേഹത്തിന് ഒരിക്കലും മറക്കാനാകാത്തതായി മാറും.ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക