അപൂർവ്വങ്ങളിൽ അപൂർവ്വ റെക്കോർഡും സ്വന്തം!!സ്റ്റാറായി സൂര്യകുമാർ യാദവ്

ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഇന്ത്യ സിംബാബ്‌വെയെ പരാജയപ്പെടുത്തിയപ്പോൾ, മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം പുറത്തെടുത്തത് ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ, 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടിയപ്പോൾ, 61* റൺസ് നേടി പുറത്താകാതെ നിന്ന് സൂര്യകുമാർ യാദവ് തിളങ്ങി.

നാലാമനായി ക്രീസിൽ എത്തിയ സൂര്യകുമാർ യാദവ്, 25 പന്തിൽ 6 ഫോറും 4 സിക്സും സഹിതം 244.00 സ്ട്രൈക്ക് റേറ്റിൽ 61* റൺസ് ആണ് സ്കോർ ചെയ്തത്. ഈ ഇന്നിംഗ്സോടെ മറ്റൊരു ഇന്ത്യൻ താരത്തിനും നേടാൻ സാധിക്കാത്ത ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് സൂര്യകുമാർ യാദവ്. 2022 കലണ്ടർ വർഷത്തിൽ ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ ആയി തുടരുന്ന സൂര്യകുമാർ യാദവ്, ഇപ്പോൾ 1000 റൺസ് പിന്നിട്ടിരിക്കുകയാണ്.

2022 കലണ്ടർ വർഷത്തിൽ ടി20 ക്രിക്കറ്റിൽ 1000 റൺസ് പിന്നിടുന്ന ആദ്യത്തെ ബാറ്റർ ആണ് സൂര്യകുമാർ യാദവ്. 28 ഇന്നിംഗ്സുകളിൽ നിന്ന് 1026 റൺസ് ആണ് സൂര്യകുമാർ യാദവിന്റെ ഇതുവരെയുള്ള സമ്പാദ്യം. 23 ഇന്നിംഗ്സുകളിൽ നിന്ന് 924 റൺസ് നേടിയിട്ടുള്ള പാക്കിസ്ഥാൻ ബാറ്റർ മുഹമ്മദ്‌ റിസ്വാൻ, 19 കളികളിൽ നിന്ന് 731 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി തുടങ്ങിയവരാണ് ഈ പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്.

കൂടാതെ, പുരോഗമിക്കുന്ന ടി20 ലോകകപ്പിൽ നിലവിൽ 193.96 സ്ട്രൈക്ക് റേറ്റ് രേഖപ്പെടുത്തിയ സൂര്യകുമാർ യാദവ്, ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ 100 ബോളിൽ കൂടുതൽ നേരിട്ട ബാറ്റർമാരിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റ് നേടിയ ബാറ്റർ ആയി. മുൻ ഓസ്ട്രേലിയൻ ബാറ്റർ മൈക്ക് ഹസ്സി (175.70) 2010 ലോകകപ്പിൽ നേടിയ റെക്കോർഡ് ആണ് ഇപ്പോൾ ഇന്ത്യൻ ബാറ്റർ മറികടന്നിരിക്കുന്നത്.