വെസ്റ്റ് ഇൻഡീസ് നായകന്റെ തോളിൽ തലവെച്ച് ഉറങ്ങി സൂര്യകുമാർ യാദവ് ; ഇന്ത്യൻ താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

ഫെബ്രുവരി 20 ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ അവസാനിച്ച മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 3-0 ത്തിന് പരാജയപ്പെടുത്തിയിരുന്നു. അവസാന മത്സരത്തിൽ, 31 പന്തിൽ 65 റൺസെടുത്ത ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ നയിച്ച ഇന്ത്യൻ ടീമിന്റെ വിജയശിൽപ്പിയായിരുന്നു. സൂര്യകുമാർ യാദവിനെ തന്നെയാണ് പരമ്പരയിലെ താരമായും തിരഞ്ഞെടുത്തത്.

ഇപ്പോഴിതാ, മത്സരത്തിനിടെ സൂര്യകുമാർ യാദവ് വെസ്റ്റ് ഇൻഡീസ് നായകൻ കീറോൺ പൊള്ളാർഡിന്റെ തോളിൽ തലവെച്ച് ഉറക്കം അഭിനയിച്ച രംഗം ക്യാമറയിൽ പതിഞ്ഞതോടെ, ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സൂര്യകുമാർ യാദവ് തന്നെയാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചിത്രം പങ്കുവെച്ചത്. സമാന രീതിയിലുള്ള രണ്ട് ചിത്രങ്ങൾ യാദവ് പങ്കുവെച്ചിട്ടുണ്ട്.

അവസാന ടി20 മത്സരത്തിനിടെ കീറൺ പൊള്ളാർഡ് അമ്പയറോട് സംസാരിക്കുന്നതിനടയിൽ സൂര്യകുമാർ യാദവ് പൊള്ളാർഡിന്റെ തോളിൽ തലവെച്ച് ഉറങ്ങുന്ന രീതിയിൽ അഭിനയിക്കുന്നതാണ് ചിത്രങ്ങളിൽ കാണുന്നത്. “സഹോദര ബന്ധം തുടരുന്നു” എന്ന തലക്കെട്ടോടെയാണ് ഇന്ത്യൻ ബാറ്റർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കീറോൺ പൊള്ളാർഡും സൂര്യകുമാർ യാദവും ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമാണ്. ഇരുവരും, നല്ല സുഹൃത്തുക്കളാണ്. മത്സരശേഷം നടന്ന ഒരു വിർച്വൽ പ്രസ്‌ മീറ്റിൽ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗിനെ അഭിനന്ദിച്ച് കീറോൺ പൊള്ളാർഡ് നടത്തിയ പരാമർശങ്ങളും ശ്രദ്ധേയമായിരുന്നു.