സൂര്യകുമാർ യാദവ് ഐപിഎല്ലിൽ നിന്ന് പുറത്ത് ; ഞെട്ടിത്തരിച്ച് മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം പതിപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ മിഡിൽ ഓർഡർ ബാറ്റർ സൂര്യകുമാർ യാദവ് പുറത്ത്. പരിക്ക് മൂലമാണ് ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങൾ സൂര്യകുമാർ യാദവിന് നഷ്ടമാകുന്നത്. തുടർ പരാജയങ്ങളുടെ ആഘാതങ്ങളിലും മുംബൈക്ക് ആശ്വാസം പകർന്നിരുന്ന ഏക താരം എന്ന നിലയിൽ, ഇന്ത്യൻ മിഡിൽ ഓർഡർ ബാറ്ററുടെ പുറത്തുപോകൽ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടിയാകും.

ഐ‌പി‌എല്ലിന്റെ കഴിഞ്ഞ കുറച്ച് സീസണുകളിൽ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും സ്ഥിരതയുള്ള ബാറ്റർമാരിൽ ഒരാളാണ് സൂര്യകുമാർ യാദവ്, അദ്ദേഹത്തിന്റെ അഭാവം തീർച്ചയായും രോഹിത് ശർമ്മ നയിക്കുന്ന ടീമിനെ ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങളിൽ സാരമായി ബാധിക്കും എന്ന് തീർച്ചയാണ്. ഐ‌പി‌എൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെ സൂര്യകുമാറിന് ഇടതു കൈത്തണ്ടയിലെ പേശിക്ക് പരിക്കേറ്റതായും ടൂർണമെന്റിൽ നിന്ന് പുറത്തായതായും വെളിപ്പെടുത്തി.

“ഇടത് കൈത്തണ്ടയിലെ പേശിക്ക് പരിക്കേറ്റതിനെ തുടർന്ന് മുംബൈ ഇന്ത്യൻസ്‌ ബാറ്റർ സൂര്യകുമാർ യാദവ് ടാറ്റ ഐപിഎൽ 2022ൽ നിന്ന് പുറത്തായി. 2022 മെയ് 6 ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ ടീമിന്റെ മത്സരത്തിനിടെയാണ് യാദവിന് പരിക്കേറ്റത്,” ഐപിഎൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു. മുംബൈ ഇന്ത്യൻസും സൂര്യകുമാറിന്റെ പരിക്ക് സ്ഥിരീകരിച്ച് ഒരു പ്രസ്താവന പുറത്തിറക്കി, മധ്യനിര ബാറ്റർക്ക് ബിസിസിഐ മെഡിക്കൽ ടീം വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു.

“സൂര്യകുമാർ യാദവിന്റെ ഇടതു കൈത്തണ്ടയിൽ പേശിവലിവ് അനുഭവപ്പെട്ടതിനാൽ അദ്ദേഹം സീസണിൽ നിന്ന് പുറത്തുപോവുന്നു. ബിസിസിഐ മെഡിക്കൽ ടീമുമായി കൂടിയാലോചിച്ച് അദ്ദേഹത്തിന് വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്,” മുംബൈ ഇന്ത്യൻസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഐപിഎൽ 2022-ൽ, പരുക്ക് കാരണം ആദ്യ കുറച്ച് മത്സരങ്ങൾ നഷ്‌ടമായതിനാൽ 31-കാരന് 8 ഗെയിമുകൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ. എന്നിരുന്നാലും, 8 കളികളിലെ അദ്ദേഹത്തിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു, മുംബൈ ഇന്ത്യൻസിന് വേണ്ടി 43.29 എന്ന മികച്ച ശരാശരിയിൽ 3 അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 303 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.