
സൂര്യക്ക് പകരം സഞ്ജുവോ..എന്തിന്??എതിർത്തു മുൻ ഇതിഹാസം വാക്കുകൾ
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിനെതിരെ ഒരു വിഭാഗം ആരാധകർ വിമർശന സ്വരം ഉയർത്തുന്നുണ്ട്. ടി20 ഫോർമാറ്റിൽ ഒന്നാം നമ്പർ ബാറ്റർ ആയ സൂര്യകുമാർ യാദവിന്, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര മറക്കാനാവാത്ത നിരാശയാണ് സമ്മാനിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളിലും റൺ ഒന്നും എടുക്കാതെ മടങ്ങാൻ ആയിരുന്നു സൂര്യകുമാർ യാദവിന്റെ വിധി.
ഇതിന് പിന്നാലെ ഏകദിന ഫോർമാറ്റിൽ സൂര്യകുമാർ യാദവിന് പകരം വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ പരിഗണിക്കണം എന്ന് ആരാധകരിൽ വലിയൊരു വിഭാഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തുകയുണ്ടായി. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും സൂര്യകുമാർ യാദവിന് പൂർണ്ണ പിന്തുണ അറിയിച്ച് രംഗത്ത് എത്തി. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് മാനേജ്മെന്റ്നെതിരെയും വിമർശനങ്ങൾ ഉയർന്നു.
എന്നാൽ, ഇപ്പോൾ സൂര്യകുമാർ യാദവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. സൂര്യകുമാർ യാദവിന് പകരം സഞ്ജുവിനെ പരിഗണിക്കേണ്ടതില്ല എന്നാണ് കപിൽ ദേവിന്റെ അഭിപ്രായം. “ടീം സെലക്ഷൻ പൂർണമായും മാനേജ്മെന്റിന്റെ പരിധിയിൽ വരുന്നതാണ്. മാനേജ്മെന്റ് ഒരു കളിക്കാരനെ പിന്തുണക്കാൻ തീരുമാനിച്ചാൽ, അദ്ദേഹത്തിന് കൂടുതൽ അവസരം നൽകേണ്ടതുണ്ട്,” കപിൽ ദേവ് എബിപി ന്യൂസിനോട് പറയുന്നു.
“മറ്റുള്ളവരുടെ വാക്ക് കേട്ട് ടീം മാനേജ്മെന്റ് ടീമിനെ തിരഞ്ഞെടുക്കാൻ തയ്യാറായാൽ, അതിന് സ്ഥിരത ഉണ്ടാവില്ല. ഇപ്പോൾ സൂര്യകുമാർ യാദവിന് പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയാൽ, ഒരു സമയത്ത് സഞ്ജു മോശം ഫോമിൽ ആയാൽ അദ്ദേഹത്തിന് പകരം മറ്റൊരു കളിക്കാരന്റെ പേര് ഉയർന്നു വരും. ഇങ്ങനെ സംഭവിക്കാൻ പാടില്ല. ഒരു കളിക്കാരനെ മാനേജ്മെന്റ് പിന്തുണക്കാൻ തീരുമാനിച്ചാൽ, അദ്ദേഹം മോശം ഫോമിൽ ഉള്ള സമയത്തും അദ്ദേഹത്തിന് പിന്തുണ നൽകി കൂടുതൽ അവസരം നൽകുകയാണ് വേണ്ടത്,” കപിൽ ദേവ് പറഞ്ഞു.