അപൂർവ്വങ്ങളിൽ അപൂർവ്വ നേട്ടം കരസ്തമാക്കി ഇന്ത്യൻ സംഘം!! കയ്യടിച്ചു ക്രിക്കറ്റ്‌ ലോകം

പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ വിജയിക്കാൻ ആയതോടെ ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം അത്ര മികച്ചതല്ലായിരുന്നു.

ഓപ്പണർമാരായ കെഎൽ രാഹുലും (4), രോഹിത് ശർമ്മയും (4) അതിവേഗം പുറത്തായ മത്സരത്തിൽ വിരാട് കോഹ്‌ലി (82*), ഹാർദിക് പാണ്ഡ്യ (40) എന്നിവർ ചേർന്നാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. എന്നാൽ, ഇന്ത്യൻ ഇന്നിംഗ്സിന്റെ 15 ഓവർ പിന്നിടുമ്പോൾ ടീം ടോട്ടൽ 100-4 എന്ന നിലയിലായിരുന്നു. അന്നേരം ഇന്ത്യൻ ക്യാമ്പിൽ അവസാന 5 ഓവറുകളിൽ ഇന്ത്യൻ ബാറ്റർമാർ മത്സരം തിരിച്ചുപിടിക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.

എന്നാൽ, ഇന്നിംഗ്സിന്റെ 17-ാം ഓവർ പിന്നിടുമ്പോൾ ഇന്ത്യയുടെ ടോട്ടൽ 112-4 എന്ന നിലയിൽ ഇഴയുന്നത് കണ്ടതോടെ ഇന്ത്യൻ ആരാധകർക്കിടയിലും ആശങ്ക പരന്നു. എന്നാൽ, പിന്നീടുള്ള മൂന്ന് ഓവറുകളിൽ ഹൈ വോൾട്ടേജ് പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചത്. 18 ബോളുകളിൽ 48 റൺസ് നേടി ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. ഇതോടെ ടി20 ഫോർമാറ്റിൽ അവസാന മൂന്ന് ഓവറുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ടീമായി ഇന്ത്യ മാറി.

ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ മുൻപ് ഒരിക്കൽ മാത്രമാണ് അവസാന മൂന്ന് ഓവറുകളിൽ 48 റൺസ് പിറന്നിട്ടുള്ളത്. 2010 വെസ്റ്റ് ഇൻഡീസ് ലോകകപ്പിൽ ഓസ്ട്രേലിയയാണ്‌ അവസാന മൂന്ന് ഓവറുകളിൽ 48 റൺസ്‌ നേടിയ മറ്റൊരു ടീം. അന്നും എതിരാളികൾ പാക്കിസ്ഥാൻ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. 2014-ൽ മിർപൂരിൽ ഓസ്ട്രേലിയക്കെതിരെ അവസാന മൂന്ന് ഓവറുകളിൽ വിജയിക്കാനായി വെസ്റ്റ് ഇൻഡീസ് നേടിയ 42 റൺസ് ആണ് ഈ പട്ടികയിലെ രണ്ടാമത്തെ സ്കോർ.