ത്രില്ലർ മാച്ച്.. ഡബിൾ സൂപ്പർ ഓവർ!! ജയം റാഞ്ചി ഇന്ത്യൻ ടീം :: വണ്ടർ ജയം

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഈ വർഷത്തെ സൂപ്പർ ഡ്യൂപ്പർ ടി20 മത്സരം അരങ്ങേറി. ഇന്ത്യ – അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ മൂന്നാം മത്സരം രണ്ടാമത്തെ സൂപ്പർ ഓവറിൽ ആണ് വിജയിയെ നിർണയിച്ചത്. രണ്ടാമത്തെ സൂപ്പർ ഓവറിൽ, അഫ്ഗാനിസ്ഥാന് എതിരെ ടീം ഇന്ത്യ വിജയം നേടി.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക്‌, തുടക്കത്തിൽ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ജയിസ്വാൾ (4), കോഹ്ലി (0), ഡ്യൂബെ (1), സഞ്ജു (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ, ക്യാപ്റ്റൻ രോഹിത് ശർമയുടെ (121) സെഞ്ച്വറി പ്രകടനവും, റിങ്കു സിംഗിന്റെ (69) അർദ്ധ സെഞ്ചുറിയും ടീം ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചു.

20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 212 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ തുടക്കം മുതലേ മികച്ച പ്രകടനം പുറത്തെടുത്തു. അഫ്ഗാനിസ്ഥാൻ നിരയിൽ ഓപ്പണർമാരായ റഹ്മാനുള്ള ഗർബാസ് (50), ഇബ്രാഹിം സദ്റാൻ (50) എന്നിവരും, ഗുൽബാദിൻ നൈബും (55) അർദ്ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്തു.

മുഹമ്മദ് നബി 16 പന്തിൽ 34 റൺസ് കൂടി കൂട്ടിച്ചേർത്തതോടെ, നിശ്ചിത ഓവറിൽ അഫ്ഗാനിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി മത്സരം സമനിലയിൽ ആക്കി. തുടർന്ന് നടന്ന സൂപ്പർ ഓവറിൽ, ഇന്ത്യക്കുവേണ്ടി മുകേഷ് കുമാർ പന്തെറിഞ്ഞു. 16 റൺസ് ആണ് സൂപ്പർ ഓവറിൽ അഫ്‌ഘാൻ നേടിയത്. മറുപടി ബാറ്റിംഗിൽ രോഹിത് ശർമയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിൽ ടീം ഇന്ത്യയും 16 റൺ നേടി. വീണ്ടും സൂപ്പർ ഓവർ നടക്കുകയും, അതിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു.