അരങ്ങേറ്റ ഏകദിനത്തിലെ ആദ്യ ബോൾ സിക്സ് അടിച്ചോ 😱ഞെട്ടിച്ചത് ഈ ഇന്ത്യൻ താരം

എഴുത്ത് :നന്ദകുമാർ പിള്ള( ക്രിക്കറ്റ്‌ കാർണിവൽ ഗ്രൂപ്പ് );വർഷം 1989 : ശ്രീകാന്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം പാകിസ്ഥാനിൽ നടത്തിയ സീരീസ് പലതു കൊണ്ടും പ്രശസ്തമാണ്. പിന്നീട് ഇരു ടീമുകളുടെയും ബാറ്റിംഗ് – ബൗളിംഗ് കുന്തമുനകളായി മാറിയ രണ്ടു പേരുടെ : സച്ചിൻ ടെണ്ടുൽക്കർ – വഖാർ യൂനിസ്, അരങ്ങേറ്റ ടെസ്റ്റ് ഈ സീരീസിലായിരുന്നു. ഒപ്പം, ലെഗ് സ്പിൻ ലെജൻഡ് അബ്ദുൽ ഖാദറിനെ ( മുഷ്‌താഖ്‌ അഹമ്മദിനെയും) തുടർച്ചയായി സിക്സറുകൾക്ക് പറത്തി, പതിനാറു കാരനായ സച്ചിൻ തന്റെ ക്ലാസ് എന്താണെന്നു ലോകത്തിനു കാണിച്ചു തന്നതും ആ സീരീസിലാണ്.

എന്നാൽ, ആ സീരീസിൽ തന്നെ, ഇന്ത്യക്ക് വേണ്ടി തുടക്കം കുറിച്ച 21 കാരനായ ഒരു ഫാസ്റ്റ് ബൗളർ, അധികം അറിയപ്പെടാതെ പോയ മറ്റൊരു റെക്കോർഡും ആ സീരീസിൽ നേടിയിരുന്നു. ബാറ്റിങ്ങിലാണ് ആ റെക്കോർഡ് എന്നതാണ് അതിന്റെ സവിശേഷത.ഇതാണാ റെക്കോർഡ് :ആ സീരീസിലെ രണ്ടാം ഏകദിനം. വെളിച്ചക്കുറവ് മൂലം ആദ്യം 40 ഓവർ ആയും, പിന്നീട് 16 ഓവർ പെർ സൈഡ് ആയും ആണ് ആ മത്സരം നടത്തിയത്. ഒഫീഷ്യലി അതാണ് സച്ചിൻ ടെണ്ടുൽക്കറുടെ ആദ്യ ഏകദിന മത്സരം. സച്ചിനൊപ്പം സലിൽ അങ്കോളയും വിവേക് റസ്ദാനും ഇന്ത്യക്ക് വേണ്ടി ആ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു.ടോസ് നേടിയ ഇന്ത്യ ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. ബാറ്റിംഗ് അങ്ങേയറ്റം ബുദ്ധിമുട്ടേറിയ പിച്ചിൽ പാക്കിസ്ഥാൻ ബാറ്റർമാരിൽ ഒരാളൊഴികെ മറ്റാർക്കും പിടിച്ചു നിൽക്കാനായില്ല. സയീദ് അൻവർ 32 പന്തിൽ നേടിയ 42 റൺസ് 16 ഓവറിൽ 87 / 9 എന്ന സ്കോർ പാകിസ്താന് നേടിക്കൊടുത്തു.

പാക്കിസ്ഥാൻ ക്യാപ്റ്റൻ ഇമ്രാൻ ഖാനെ പുറത്താക്കി തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് നേടിയ സലിൽ ഒരു വിക്കറ്റ് കൂടി നേടി തന്റെ കരിയറിന് മികച്ച തുടക്കം കുറിച്ചു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. താരതമ്യേന കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യൻ ബാറ്റർമാർ, പക്ഷെ പവലിയനിലേക്ക് ഘോഷയാത്രയാണ് നടത്തിയത്. കളിയുടെ പതിനാലാം ഓവറിലാണ് വളരെ ആകസ്മികമായ, അപ്രതീക്ഷിതമായ, ഒരു പക്ഷെ പുകഴ്ത്തിപ്പാടപ്പെടാത്ത ആ റെക്കോർഡ് പിറന്നത്. ഏഴാം വിക്കറ്റ് ആയി കിരൺ മോറെ ഔട്ട് ആയപ്പോഴാണ് സലിൽ ക്രീസിലേക്ക് വരുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ സലിൽ അങ്കോള നേരിടാൻ പോകുന്ന ആദ്യ പന്ത്.ബൗളർ, പാക്കിസ്ഥാൻ ക്യാപ്റ്റനും ബാറ്റർമാരുടെ പേടി സ്വപ്നവുമായ സാക്ഷാൽ ഇമ്രാൻ ഖാൻ. ഒരു തുടക്കക്കാരന്റെ പതർച്ചയുമില്ലാതെ സലിൽ ആ പന്ത് ആഞ്ഞടിച്ച് സ്ട്രെയ്റ്റ് സിക്സ്.ഗൂഗിളിൽ സെർച്ച് ചെയ്താൽ കാണാൻ സാധിക്കുക, ഇഷാൻ കിഷൻ ആണ് ഇന്റർനാഷണൽ ഏകദിനത്തിൽ ഫേസ് ചെയ്ത ആദ്യ പന്ത് സിക്സർ അടിച്ച ഇന്ത്യൻ ബാറ്റർ എന്നാണ് പക്ഷെ അത് സലിൽ അങ്കോളയുടെ പേരിലാണ്.. ഈ റെക്കോർഡ് മറ്റേതെങ്കിലും രാജ്യക്കാരൻ നേടിയിട്ടുണ്ടോ എന്ന് അറിയില്ല.

ആകെ 20 ഏകദിനങ്ങളും ഒരു ടെസ്റ്റും മാത്രമാണ് സലിലിനു കളിയ്ക്കാൻ സാധിച്ചത്. പിന്നീട് പരിക്കും ഫോം ഔട്ടും കാരണം ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടില്ല. എന്നാൽ 2000 ത്തോട് കൂടി ഹിന്ദി സിനിമയിൽ അവസരം ലഭിച്ച സലിൽ ഇന്ന് അത്യാവശ്യം അറിയപ്പെടുന്ന നടനും ടീവി ഷോകളിലും മറ്റും പ്രശസ്തനായ അവതാരകനുമാണ്.