വയനാടൻ തണുപ്പിനെ ചൂടുപിടിപ്പിച്ച ആ മത്സരം .

വയനാട്ടിലെ കടുത്ത തണുപ്പിനെ അവഗണിച്ചും ആദ്യമായി നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെ സാക്ഷി നിർത്തി ഇടുക്കിയും എറണാകുളവും ഒപ്പത്തിനൊപ്പം പൊരുതിയപ്പോൾ അവസാന ലാപ്പിലെ കുതിപ്പിൽ എറണാകുളം ചാമ്പ്യൻ പട്ടം നിലനിർത്തുകയായിരുന്നു , നല്ല ആവേശത്തോടെ തുടങ്ങിയ മത്സരത്തിൽ,തുടർന്ന് വായിക്കാം……

ഇടുക്കിയുടെ നായകൻ ജയലാലാണ് ആദ്യ സർവെടുത്തത്, ബിജിൽ എബ്രഹാമിന്റെ നെറ്റ് കോണ്ടാക്റ്റിൽ എറണാകുളമാണ് ആദ്യം അക്കൗണ്ട് തുറന്നത്‌ , ജിതിൻ തൊടുത്ത ആദ്യ സെർവിൽ നിന്ന് ഇടിക്കിയുടെ സേതു വിന്റെ കരുത്തുറ്റൊരു ഷോർട്ട് കാണികളുടെ ആവേശത്തിന് തുടക്കം കുറിക്കുകയായിരുന്നു, പിന്നാലെ സേതു തൊടുത്തൊരു വെടിച്ചില്ലു ജമ്പാൻ സർവീസും കാണികളുടെ കയ്യടി നേടിക്കൊടുത്തു , പിന്നീടങ്ങോട്ട് ഓരോ പോയന്റും ഒപ്പത്തിനൊപ്പം പിടിച്ച ഇരു ടീമുകളും ശ്രദ്ധയോടെയാണ് ആക്രമങ്ങൾ മെനഞ്ഞത് ..ആദ്യ സെറ്റിൽ ഗ്രൗണ്ടിൽ നിന്ന് നജീബ് ഹസൻ തൊട്ട ബോളുകളൊക്കെ എതിർ കോർട്ടിൽ മുത്തമിടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് , ഒരിക്കൽ പോലും ഫാസിലിന്റെ യോ റഹീമിന്റെയോ കരങ്ങൾക്ക് നജീബിനെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല , നജീബ് അടിക്കുന്ന ബോളുകൾക്ക് പകരത്തിനു പകരമായി ബിപിസിൽ താരം അജിത് ലാൽ നൽകിയതോടെ ആദ്യ സെറ്റ് അജിത് ലാലും നജീബ് ഹസനും തമ്മിലുള്ള പോരാട്ടമായി മാറി , ഇരുപതു പോയന്റുകൾക്ക് ശേഷം റിജാസ് രണ്ട് പോയിന്റുകളും വ്യക്തമായ ലീഡും നേടിക്കൊടുത്തപ്പോൾ അജിത് അവസാന ബോൾ ലാന്ഡിങ്ങില്ലാതെ പുറത്തേക്കടിച്ചു കളഞ്ഞു ആദ്യ സെറ്റ് 25-23 നു ഇടുക്കിക്ക് സ്വന്തം .

തുല്യമായ പോരാട്ടം നടത്തിയ ഇരു ടീമുകളും നിരവധി സുന്ദര മുഹൂർത്തങ്ങളാണ് തിങ്ങി നിറഞ്ഞ വയനാട്ടിലെ വോളി പ്രേമികൾക്ക് സമ്മാനിച്ചത് , വോളി ലൈവ് ഓൺലൈൻ ടെലികാസ്റ്റിങ്ങിൽ ഒരേ സമയം ആയിരത്തി അഞ്ഞൂറോളം പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരത്തിലെ ഇടി മുഴക്കങ്ങൾ കാണുന്നുണ്ടായിരുന്നു , ആദ്യ സെറ്റിലെ പിഴവുകൾ തിരുത്തിയ എറണാകുളം ഇത്തവണ അൽപ്പം മുന്നിലായി സ്ക്രോറിങ് കൊണ്ട് പോവുന്നുണ്ടായിരുന്നു .21 -18 എന്ന സ്‌കോറിൽ ലീഡ് ചെയ്ത ഇടുക്കിക്ക് വ്യക്തമായ മേധാവിത്വം നൽകിയത് ജിതിൻ ന്റെയും ഫാസിലിന്റെയും സുന്ദരമായ കോമ്പിനേഷൻ ആയിരുന്നു , അഖിൻ ജാസിന് പകരക്കാരനായി എറണാകുളത്തിന് കളിക്കാനെത്തിയ ഫാസിൽ നിരവധി പോയന്റുകളാണ് നേടിക്കൊടുത്തത് , ആക്രമങ്ങൾക്ക് ഷിന്റോയും കൂടി എത്തിയതോടെ രണ്ടാം സെറ്റിൽ എറണാകുളം തിരിച്ചു വന്നു അവസാന പോയന്റ് ജിതിന്റെ അനുപമമായ സെറ്റിങ്ങിൽ അബ്ദുൽ റഹീം ഒരു ഫസ്റ്റ് ലൈൻ ഷോട്ടുതിർത്തതോടെ എറണാകുളം 25-21 എന്ന സ്‌കോറിൽ ലാൻഡ് ചെയ്തു .മൂന്നാം സെറ്റിൽ ആദ്യ പോയന്റുകൾ ഇടുക്കിക്കൊപ്പമായിരുന്നു പത്തു പോയന്റുകൾ വരെ മുന്നിൽ പോന്ന ഇടുക്കിക്ക് വീണ്ടും വിലങ്ങായത് ഫാസിലിന്റെ പ്രധിരോധമായിരുന്നു , വിജിൽ എബ്രഹാമിനെ സിംഗിൾ ബ്ലോക്കിൽ തടുത്തിട്ട് എറണാകുളത്തിന് ലീഡ് സമ്മാനിച്ച ഫാസിൽ , കൂടെ റഹീമും തുടരെ തുടരെ നാല് പോയന്റുകളാണ് ലീഡ് നൽകിയത് 18-14 എന്ന സ്‌കോറിൽ മുന്നിൽ വന്ന എറണാകുളം നല്ല ആത്മവിശ്വാസത്തിൽ ആയിരുന്നു , രണ്ട് തകർപ്പൻ ജമ്പിങ് സർവീസുകളിലൂടെ സേതുവും ഗോകുൽ രവീന്ദ്രനും തോൽവി ഭാരം ചെറുതായൊന്നു കുറച്ചു , ഒരു ടെറിഫിക് അറ്റാക്കിങ്ങിലൂടെ അജിത് ലാൽ മൂന്നാം സെറ്റ് എറണാകുളത്തിന് നേടിക്കൊടുത്തു പോയന്റ് 25-21.

വിജയം അനിവാര്യമായ നാലാം സെറ്റിൽ ഇടുക്കിക്ക് മറുത്തൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല , നജീബും സേതുവും ആക്രമങ്ങൾ തുടർന്നപ്പോൾ എറണാകുളത്തെ ഒപ്പത്തിനൊപ്പം പിടിക്കാൻ ഇടുക്കിക്ക് സാധിച്ചു , ഷിന്റോ നല്ല രീതിയിൽ കളിച്ചപ്പോൾ ജിതിൻ ഒരു സിംഗിൾ ബ്ലോക്കും കണ്ണഞ്ചിപ്പിക്കുന്നു ഒരു ഡ്രോപ്പും സമ്മാനിച്ചു ,നീണ്ടൊരു റാലി വന്ന നാലാം സെറ്റിൽ സേതുവിന്റെ അതിമനോഹരമായൊരു പവര്ഫുൽ അറ്റാക്കിനും ഗ്രൗണ്ട് സാക്ഷിയായി , തുടരെ സർവീസ് മിസ്സുകൾ നടത്തിയ എറണാകുളത്തെ നാലാം സെറ്റിൽ ഇടുക്കി വരിഞ്ഞു മുറുക്കി , 24-17 ൽ ഇടുക്കി മുമ്പിട്ടു നിൽക്കുമ്പോൾ ജിതിന്റെ ഒരു മിസ്റ്റേക് പ്ലേസിങ് ഇടുക്കിക്ക്‌ നാലാം സെറ്റ് സമ്മാനിച്ചു .

നിലക്കാത്ത കരഘോഷങ്ങൾക്ക് നടുവിൽ അവസാന സെറ്റ് പോരാട്ടം നിലവിലെ ജേതാക്കൾക്ക് ആഭിമാന പോരാട്ടമെങ്കിൽ ഇടുക്കിക്ക് നിലനിൽപ്പിന്റെ പോരാട്ടം കണ്ണുകൾ കൂർപ്പിച്ചു നിർത്തി പതിനായിരക്കണക്കിന് വോളിബോൾ ആരാധകർ 2-2 ൽ നിന്ന് സേതുവിന്റെ സർവീസ് പുറത്തേക്ക് മൂളിപ്പാഞ്ഞപ്പോൾ എറണാകുളത്തിന് വേണ്ടി സർവെടുത്ത നായകൻ വിബിൻ ജോർജിന്റെ സർവ് നെറ്റിൽ ഒരിക്കൽ കൂടി റിജാസ് വരുത്തിയ പിഴവിൽ എറണാകുളം മുന്നിൽ റഹീമിന്റെ ഒരു റണ്ണിൽ ഷോർട്ടിൽ കളം മാറിയ എറണാകുളം പിന്നീട് ഒരിക്കൽ പോലും ലീഡ് വിട്ട് കൊടുത്തില്ല ,സേതുവിലൂടെ 10-11 എന്ന സ്കോറിലെത്തിയ ഇടുക്കിക്ക് പക്ഷെ മുന്നിൽ കയറാൻ കഴിഞ്ഞില്ല നജീബ് ഹസന്റെ ഒരു കിടിലൻ കോമ്പിനേഷൻ അറ്റാക്ക് സിംഗിൾ ബ്ലോക്കിൽ പിടിച്ചിട്ടു വീണ്ടും ഫാസിൽ 13-10 ലേക്ക് എറണാകുളത്തിന്റെ ലീഡുയർത്തി ,ഇതിനിടെ വോളി ലൈവ് whatsapp ൽ വന്ന മെസ്സേജ് ഇങ്ങെനെ ആയിരുന്നു ” ടെൻഷൻ കാരണം കളി കാണാൻ പറ്റുന്നില്ല ” അതെ ഓരോ വോളിബോൾ ആരാധകനും കടുത്ത സമ്മർദ്ദം അനുഭവിച്ച മത്സരം അവസാന നിമിഷം കനത്ത പ്രധിരോധമൊരുക്കിയാണ് എറണാകുളം ചാമ്പ്യൻ പട്ടം നേടിയെടുത്തത് , ചാമ്പ്യൻഷിപ്പിലെ അവസാന വിസിലിൽ വിജയത്തിന്റെ ചിരി എറണാകുളത്തിന്റേതായി .

സയീദ് വോളി ലൈവ്