രോഹിത് മാറട്ടെ അവൻ ഇന്ത്യൻ ക്യാപ്റ്റനായി വരട്ടെ 😳😳😳ഞെട്ടിക്കുന്ന നിർദേശവുമായി ഗവാസ്ക്കർ

ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ ടീം ഇന്ത്യയ്ക്കെതിരെ വിമർശനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ക്യാപ്റ്റൻ രോഹിത് ശർമക്കെതിരെ മുൻ ക്രിക്കറ്റർമാരിൽ നിന്ന് ഉൾപ്പെടെ വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ, ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ.

തുടർച്ചയായി പരമ്പരകളിൽ നിന്ന് വിശ്രമം എടുക്കുകയും, ടി20 ഫോർമാറ്റിൽ ബാറ്റിംഗിൽ ഫോം കണ്ടെത്തുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി, ഒരു യുവതാരത്തിന് ടി20 ഫോർമാറ്റിൽ ക്യാപ്റ്റൻ സ്ഥാനം നൽകണം എന്നാണ് സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഒരാളെ നിർദ്ദേശിക്കുകയും ചെയ്തു. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുടെ പേരാണ് ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഗവാസ്കർ നിർദ്ദേശിച്ചത്.

കഴിഞ്ഞ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയിരുന്ന ഹർദിക് പാണ്ഡ്യ, തന്റെ ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. ഒരു പുതുമുഖ ടീം ആയിട്ടും ഗുജറാത്ത്‌ ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ചതിൽ ഹർദിക് പാണ്ഡ്യയുടെ നേതൃത്വ പ്രകടനം അഭിനന്ദനങ്ങൾക്കും അർഹമാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് സുനിൽ ഗവാസ്കർ പാണ്ഡ്യയുടെ പേര് ടി20 ഫോർമാറ്റിൽ നായക സ്ഥാനത്തേക്ക് നിർദേശിച്ചത്. ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ ഹാർദിക്കിനെയാണ് ക്യാപ്റ്റനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

അതേസമയം 2023-ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ, അതിന് മുൻപായി ടീമിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകും എന്ന് താൻ പ്രതീക്ഷിക്കുന്നില്ല എന്നും ഗവാസ്കർ പറഞ്ഞു. “വരാനിരിക്കുന്ന ന്യൂസിലാൻഡ് , ബംഗ്ലാദേശ് പരമ്പരകൾക്കുള്ള ടീമിനെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വർഷം ഇനി വലിയ മാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കാൻ ഇല്ല. അതേസമയം അടുത്ത സീസണിൽ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബിസിസിഐ ഇക്കാര്യത്തിൽ കൃത്യമായി ഇടപെടട്ടെ,” ഗാവസ്‌കർ പറഞ്ഞു .