മഹാപരാധം……ഇത് ക്രിക്കറ്റിന് യോജിച്ച പ്രവർത്തിയല്ല ; വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ വിജയം നേടിയെങ്കിലും, മത്സരത്തിൽ ഹാർദിക് പാണ്ഡ്യ പുറത്തായ വിധം ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഡാരിൽ മിച്ചൽ എറിഞ്ഞ ഇന്നിങ്സിന്റെ 40-ാം ഓവറിലെ നാലാമത്തെ ഡെലിവറിയാണ് വിവാദങ്ങൾക്ക് ആസ്പദമായിരിക്കുന്നത്. മിച്ചലിന്റെ ബോൾ പാണ്ഡ്യയുടെ സ്റ്റംപിൽ തട്ടിയോ എന്ന കാര്യത്തിൽ ഫീൽഡ് അമ്പയർക്ക് സംശയം ഉണ്ടായതിനാൽ അദ്ദേഹം തീരുമാനം തേർഡ് അമ്പയർക്ക് വിടുകയായിരുന്നു.

വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഹാർദിക് പാണ്ഡ്യ ഔട്ട് ആണെന്ന് തേർഡ് അമ്പയർ വിധിക്കുകയും ചെയ്തു. എന്നാൽ, ബോൾ അല്ല ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ടോം ലഥാമിന്റെ ഗ്ലൗ ആണ് സ്റ്റംപിൽ തട്ടിയത് എന്ന് റിപ്ലൈ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചും തേർഡ് അംബേർത്ത് എങ്ങനെ അബദ്ധം സംഭവിച്ചു എന്ന രീതിയിൽ ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റ് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു.

ഇതിന് ശേഷം മത്സരത്തിൽ മറ്റൊരു നാടകീയമായ സംഭവം കൂടി അരങ്ങേറി. നേരത്തെ വിവാദനായകനായ ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലഥാം ബാറ്റ് ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം. ടോം ലഥാം നേരിട്ട ആദ്യ ബോളിൽ തന്നെ അദ്ദേഹത്തിനെതിരെ ഹിറ്റ്‌ വിക്കറ്റ് അപ്പീൽ ഉയരുകയായിരുന്നു. ബോൾ പോയ ശേഷം സ്റ്റംപിലെ എൽഇഡി ലൈറ്റുകൾ തിളങ്ങിയതിനെ തുടർന്ന് ഇന്ത്യൻ താരങ്ങൾ സംശയം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ, ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ഹിറ്റ്‌ വിക്കറ്റ് ആണെന്ന തരത്തിൽ വിശ്വാസം പ്രകടിപ്പിച്ചതോടെ ഇന്ത്യൻ താരങ്ങൾ എല്ലാവരും തന്നെ വലിയ പ്രതീക്ഷയിൽ ആയിരുന്നു.

തേർഡ് അമ്പയർ റിപ്ലൈ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്, ഇത് ഇഷാൻ കിഷന്റെ ഒരു തമാശയായിരുന്നു എന്ന് മനസ്സിലായത്. ഇഷാൻ കിഷൻ തന്നെയാണ് തന്റെ കൈകൾ കൊണ്ട് ബൈൽസ് തട്ടിയിട്ടത് എന്ന് റിപ്ലൈ ദൃശ്യങ്ങളിൽ വ്യക്തമായി. എന്നാൽ, ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേർന്ന പ്രവർത്തിയല്ല എന്ന് കമന്ററി ബോക്സിൽ നിന്ന് സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടു. “ഒരു തമാശയാണെങ്കിൽ അത് കുഴപ്പമില്ല, എന്നാൽ തുടർന്ന് അപ്പീൽ ചെയ്തത് ക്രിക്കറ്റിനു യോജിച്ചതല്ല,” സുനിൽ ഗവാസ്കർ പറഞ്ഞു.

3/5 - (2 votes)