Breaking News ;പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ച് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴേക്കും ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി

ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ കെഎൽ രാഹുലിനെ ക്യാപ്റ്റനാക്കിയത് മുതൽ നിരവധി സർപ്രൈസുകൾ അടങ്ങിയതായിരുന്നു ഇന്ത്യൻ ടീം പ്രഖ്യാപനം. ശിഖർ ധവാനെ ക്യാപ്റ്റൻ ആക്കും എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നപ്പോഴാണ്, രാഹുൽ ആയിരിക്കും ടീമിനെ പ്രഖ്യാപിക്കുക എന്ന് സെലക്ടർമാർ പ്രഖ്യാപിച്ചത്.

മാത്രമല്ല, രാഹുൽ ട്രിപാതിയെ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതും, പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുന്ന വാഷിംഗ്‌ടൺ സുന്ദർ ടീമിൽ തിരിച്ചെത്തിയതും എല്ലാം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം പകരുന്ന കാര്യങ്ങളായിരുന്നു. എന്നാൽ, ടീം പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴേക്കും, ഇന്ത്യൻ ടീമിന് തിരിച്ചടിയാകുന്ന ഒരു വാർത്തയാണ് ഇംഗ്ലണ്ടിൽ നിന്ന് വരുന്നത്.

ഐപിഎല്ലിൽ കൈമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഓൾറൗണ്ടർ വാഷിംഗ്‌ടൺ സുന്ദർ, ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെന്റ് ആയ റോയൽ ലണ്ടൻ വൺ ഡേ കപ്പിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയത്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ലങ്കാഷെയർ – വോർസെസ്റ്റ്ഷയർ മത്സരത്തിനിടെ, ലങ്കാഷെയർ താരമായ വാഷിംഗ്‌ടൺ സുന്ദറിന് പരിക്കേൽക്കുകയായിരുന്നു. പരിക്കിനെ തുടർന്ന് വാഷിംഗ്ടൺ സുന്ദർ കളം വിടുകയും ചെയ്തു. മത്സരത്തിൽ, ലങ്കാഷെയർ 6 വിക്കറ്റിന് വിജയിച്ചിരുന്നു.

മത്സരശേഷം, വാഷിംഗ്ടൺ സുന്ദറിന്റെ പരിക്ക് ലങ്കാഷെയർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ, ഇന്ത്യൻ ഓൾറൗണ്ടറുടെ പരിക്കിന്റെ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ സിംബാബ്‌വെ പര്യടനത്തിന് ഇനി ഒരാഴ്ച മാത്രം ശേഷിക്കെ, വാഷിംഗ്ടൺ സുന്ദറിന് പൂർണ്ണ ഫിറ്റ്നസോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകർ. വാഷിംഗ്ടൺ സുന്ദറിന്റെ പരിക്കിന്റെ വ്യാപ്തി അറിഞ്ഞ ശേഷമായിരിക്കും, തുടർ തീരുമാനങ്ങളെക്കുറിച്ച് ഇന്ത്യ ചിന്തിക്കുക