പറക്കും സ്റ്റബ്സ് : വണ്ടർ ക്യാച്ചിൽ ഞെട്ടിച്ച് താരം!! ഷോ ക്കായി ക്രിക്കറ്റ്‌ ലോകം

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. മൂന്നാം ടി20 -യിൽ 90 റൺസിന്റെ തകർപ്പൻ ജയം നേടിയതോടെ, മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചിരുന്നുവെങ്കിലും, പിന്നീട് നടന്ന രണ്ട് കളികളിൽ വിജയിച്ചാണ് ദക്ഷിണാഫ്രിക്ക പരമ്പര നേട്ടം കൈവരിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക, ഓപ്പണർ റീസ ഹെൻഡ്രിക്സ് (70), ഓൾറൗണ്ടർ ഐഡൻ മാർക്രം (51*), റൂസവ് (18 പന്തിൽ 31), സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ഡേവിഡ് മില്ലെർ (9 പന്തിൽ 22) എന്നിവരുടെ ബാറ്റിംഗ് പിൻബലത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി 3 വിക്കറ്റ് വീഴ്ത്തി.

192 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിലെ വലിയ തകർച്ചയാണ് നേരിടേണ്ടി വന്നത്. ഓപ്പണർമാർ ഭേദപ്പെട്ട രീതിയിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്തെങ്കിലും, പിന്നീട് ക്രീസിൽ എത്തിയ ബാറ്റർമാർ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 6 ഇംഗ്ലീഷ് ബാറ്റർമാർ ആണ് രണ്ട് അക്കം കാണാതെ പുറത്തായത്. ജോണി ബെയർസ്റ്റോ (27) ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 16.4 ഓവറിൽ ഇംഗ്ലണ്ട് 101 റൺസിന് ഓൾഔട്ടായപ്പോൾ, സ്പിന്നർ ടബ്‌റൈസ് ഷംസി ദക്ഷിണാഫ്രിക്കക്കായി 5 വിക്കറ്റ് വീഴ്ത്തി.

അതേസമയം, ഇംഗ്ലണ്ട് ബാറ്റിംഗ് ഇന്നിംഗ്സിന്റെ 10-ാം ഓവറിൽ ഇംഗ്ലീഷ് ബാറ്റർ മൊയീൻ അലിയെ പുറത്താക്കാനായി ദക്ഷിണാഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ് എടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഐഡൻ മാർക്രത്തിന്റെ ബോൾ മൊയീൻ അലി ബാറ്റിൽ എഡ്ജ് ചെയ്ത് ഉയർന്ന് പൊന്തിയപ്പോൾ, എക്സ്ട്രാ കവറിൽ ഫീൽഡ് ചെയ്തിരുന്ന സ്റ്റബ്സ് ഒരു ഫുൾ ലെങ്ത് ഡൈവിലൂടെ പന്ത് തന്റെ ഇടങ്കയ്യിൽ ഒതുക്കുകയായിരുന്നു.