എല്ലാം തികഞ്ഞ വോളിബോൾ താരം,കുട്ടികൃഷ്ണൻ നമ്പ്യാർ.

0

സമാനതകൾ ഇല്ലാത്ത, വോളിബോൾ കളിക്കളത്തിൽ ഏത് പൊസിഷനും പിഴവുകൾ ഇല്ലാതെ ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന, പരിപൂർണനായ വോളിബോൾ ഇതിഹാസം ആയിരുന്നു കുട്ടികൃഷ്ണൻ സാർ.കണ്ണൂർ പെരളശ്ശേരി സ്വദേശി ആയ കുട്ടികൃഷ്ണൻ നമ്പ്യാർ നാട്ടിൽ മാവിലായ് വോളിബോൾ ക്ളബ്ബിലൂടെ ആണ് വോളിബോൾ രംഗത്തേക്ക് കടക്കുന്നത്. 1964 മുതൽ ശ്രദ്ധ മുഴുവൻ വോളിബോളിലേക്ക് തിരിച്ചപ്പോൾ ഇന്ത്യൻ വോളിബോളിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റുകയായിരുന്നു കുട്ടികൃഷ്ണൻ നമ്പ്യാർ. 1965 ൽ EME ടീമിൽ എത്തിയ കുട്ടികൃഷ്ണൻ സാറിന്റെ കഴിവുകളും കഠിനാദ്ധ്വാനവും ആർക്കും ഒപ്പം എത്താൻ പറ്റാത്തവ ആയിരുന്നു.കളത്തിൽ ഇറങ്ങിയാൽ എല്ലാം മറക്കുന്ന ഒരു ടീമിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും സ്വന്തം ചുമലിൽ ഏറ്റുന്ന, ഏറ്റവും മികച്ച നേതൃ പാടവം ഉള്ള ഒരു കളിക്കാരനിലേക്കുള്ള കുട്ടികൃഷ്ണൻ നമ്പ്യാരുടെ വളർച്ച അതിവേഗം ആയിരുന്നു.

1967 ൽ ആന്ധ്ര സംസ്ഥാനത്തിന് വേണ്ടി ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻ ഷിപ്പിലൂടെ ദേശീയ ചാമ്പ്യൻ ഷിപ്പുകളിൽ തേരോട്ടം തുടങ്ങിയ കുട്ടികൃഷ്ണൻ നമ്പ്യാർ 1983 ൽ സീനിയർ ദേശീയ ചാമ്പ്യൻ ഷിപ്പുകളിലെ കളി അവസാനിപ്പിക്കുമ്പോൾ ഏറ്റവും കൂടുതൽ ടീമുകൾക്ക് വേണ്ടി ദേശീയ സീനിയർ ചാമ്പ്യൻ ഷിപ്പ് കളിച്ച ഏക താരം എന്ന അപൂർവ റെക്കോഡ് സ്വന്തമാക്കിയിരുന്നു. ആന്ധ്ര, രാജസ്ഥാൻ, കർണ്ണാടക, ഗുജറാത്ത്, സർവ്വീസസ് ടീമുകൾക്ക് വേണ്ടി അദ്ദേഹം ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻ ഷിപ്പുകളിൽ കളത്തിൽ ഇറങ്ങിയിട്ടുണ്ട്.1970 മുതൽ 1978 വരെയുള്ള 9 വർഷം ഇന്ത്യൻ ടീമിന്റെ നെടും തൂണായിരുന്ന അദ്ദേഹത്തിന് 1978ൽ രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ആവർഷം തന്നെ ഗുജറാത്ത് സംസ്ഥാനത്തിന് വെളിയിലുള്ള അപൂർവം ആൾക്കാർക്ക് മാത്രം ലഭിച്ചിട്ടുള്ള ഗുജറാത്ത് സർക്കാരിന്റെ സർദാർ വല്ലഭായ് പട്ടേൽ അവാർഡും അദ്ദേഹം സ്വന്തമാക്കി.

1965 ൽ EME യിൽ ജോയിൻ ചെയ്ത അദ്ദേഹം തുടർന്ന് ശ്രീറാം റയോൺസിലേക്കും, അവിടെ നിന്നും ITI ബാംഗ്ലൂരിലേക്കും, തുടർന്ന് വീണ്ടും ശ്രീറാം റയോൺസിലേക്കും മാറിയിരുന്നു. 1976 ൽ പെട്രോഫിൽസിൽ എത്തിയ കുട്ടികൃഷ്ണൻ നമ്പ്യാർ പിന്നീട് അതിൽ തന്നെ തുടരുകയായിരുന്നു.വോളിബോളിൽ തലതൊട്ടപ്പന്മാർ ഇല്ലാതിരുന്നപ്പോളും സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ടാണ് അദ്ദേഹം ഓരോ പടിയും കയറിയത്. എല്ലാം തികഞ്ഞ വോളിബോൾ താരം എന്ന് കളത്തിലെ പ്രകടനത്തിൽ തെളിയിച്ച കുട്ടികൃഷ്ണൻ നമ്പ്യാർ ആ കാലഘട്ടത്തിൽ ശ്യാം സുന്ദർ റാവുവിനൊപ്പം ഏറ്റവും മികച്ച ഫസ്റ്റ് പാസ് ഉള്ള താരവും, ഏറ്റവും നല്ല ഡിഫൻസ് ഉള്ള താരവും, ഏറ്റവും നല്ല ബ്ലോക്കും ഏറ്റവും നല്ല അറ്റാക്കും ഉള്ള അപൂർവങ്ങളിൽ അപൂർവ്വമായ താരവും ആയിരുന്നു. പല സംസ്ഥാനങ്ങൾക്ക് വേണ്ടി കളിച്ച മലയാളിയെ സേവനം ലഭിച്ച സംസ്ഥാനങ്ങളിലെ വോളിബോൾ അസോസിയേഷനുകൾ സൗകര്യ പൂർവ്വം മറക്കുകയായിരുന്നു.

അർഹിക്കുന്ന നേട്ടങ്ങൾ എല്ലാം മറ്റു പലരും തട്ടി കൊണ്ട് പോകുമ്പോൾ തന്നെ തന്റെ കഴിവുകൾ കൊണ്ട് പിടിച്ചു നിൽക്കുകയും, പ്രതിഫലത്തിൽ ശ്രദ്ധിക്കാതെ കർമ്മത്തിൽ മാത്രം ശ്രദ്ദിച്ചിരുന്ന ഒരു മഹത് വ്യക്തി കൂടി ആയിരുന്നു കുട്ടികൃഷ്ണൻ നമ്പ്യാർ. ഇന്ത്യയിലെ പെട്രോളിയം സ്പോർട്സ് കൺട്രോൾ ബോർഡ് രൂപീകരണത്തിന് കാരണക്കാരൻ ആയതിൽ അഭിമാനിക്കുന്ന തികഞ്ഞ സ്പോർട്സ് പ്രേമിയും ആണ് അദ്ദേഹം. 1978 ൽ അർജുന അവാർഡ് ലഭിച്ച സമയത്ത് അന്നത്തെ പെട്രോളിയം മന്ത്രി ആയിരുന്ന ശിവശങ്കർ കൂടി കാഴ്ചക്ക് അവസരം കൊടുത്തപ്പോൾ എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന ചോദ്യത്തിന് കളിക്കളത്തിലെ കാർക്കശ്യത്തോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്പോർട്സ് വളർത്താൻ സാധിക്കുന്ന പെട്രോളിയം മേഖലയ്ക്ക് സ്പോർട്സ് കൺട്രോൾ ബോർഡ് വന്നാൽ ഇന്ത്യൻ കായിക രംഗത്തിന് ഗുണകരമാകും എന്ന ഒരു ആശയം മാത്രം ആണ് അദ്ദേഹം മുന്നോട്ടു വച്ചത്. അടുത്ത ദിവസം തന്നെ അതിന് നടപടി ഉണ്ടായതും അതിന്റെ പ്രാഥമിക ചർച്ചകളിലും നയ രൂപീകരണത്തിലും തന്റേതായ സംഭാവനകൾ കൊടുക്കുന്നതിന് സാധിച്ചതും അഭിമാന നേട്ടം ആയി ആണ് അദ്ദേഹം കരുതുന്നത്. 1987 വരെ പെട്രോഫിൽസിൽ കളിച്ച അദ്ദേഹം സർവ്വീസിൽ നിന്നും വിരമിച്ച ശേഷം ഈ എഴുപത്തി ആറാം വയസ്സിലും പെട്രോളിയം ബിസിനസ് ആയി മുന്നോട്ട് പോകുന്നു.

വിശ്രമം എന്നത് ജീവിത നിഘണ്ടുവിൽ ഇല്ല എന്നും, ചെയ്യുന്ന പ്രവർത്തികളിൽ 100% ആത്മാർത്ഥത കാട്ടുക എന്ന കാലം നൽകിയ കാഴ്ച്ചപ്പാടിൽ നിന്നും പരിശ്രമങ്ങളിൽ ആഹ്ലാദം കണ്ടെത്തുന്ന കുട്ടികൃഷ്ണൻ നമ്പ്യാർ തന്റെ ബിസിനസ്സിലും ദേശീയ, സംസ്ഥാന അവാർഡുകൾക്ക് ഉടമയാണ്. കഠിനാധ്വാനം കൊണ്ട് ജീവിതമാകെ അവാർഡുകൾ അലങ്കരിക്കുമ്പോളും നന്മയുള്ള സാധാരണക്കാരനായി ജീവിതം മുന്നോട്ട് നയിക്കുന്നു എന്നത് കുട്ടികൃഷ്ണൻ നമ്പ്യാരുടെ എറ്റവും വലിയ പ്രത്യേകത ആണ്. ഇന്നും കഴിയാവുന്നത്ര വോളിബോൾ മേഖലയിൽ ആവശ്യങ്ങൾക്കനുസരിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ഒരു മടിയും കാണിക്കാതെ മുന്നേറുന്ന ഇന്ത്യൻ വോളിബോളിലെ മിന്നുന്ന തലമുറകളുടെ കുട്ടിസാബ് എന്നും നമുക്ക് ഒരു മാതൃകാ താരം തന്നെ ആണ്. വോളിബോൾ മേഖലയ്ക്ക് ഉപകാരപ്പെടുന്ന മാർഗ്ഗ നിർദ്ദേശം നൽകുന്നതിന് ഏറ്റവും യോഗ്യനായ കുട്ടികൃഷ്ണൻ സാറിന്റെ സേവനം കേരള വോളിബോളിലെ വളർന്നു വരുന്ന താരങ്ങൾക്കും ലഭിക്കുന്ന സുന്ദര നിമിഷങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.

നൗഷാദ് വയലാർ