അന്ന് കരഞ്ഞുകലങ്ങിയ അയാൾ ഇന്ന് സ്ഥിരം രക്ഷകൻ; ഇതിഹാസ ആൾറൗണ്ടറായി കുതിക്കുന്ന ബെൻ സ്റ്റോക്സ്

എഴുത്ത് : മനീഷ് മധുസൂധനൻ“കാർലോസ് ബ്രത്വൈറ്റ്.. റിമെമ്പർ ദി നെയിം..” എന്ന് ഇയാൻ ബിഷപ്പ് കമന്ററി ബോക്സിൽ ഇരുന്നു അലറുമ്പോൾ ക്രീസിൽ, കാർലോസ് ബ്രത്വൈറ്റ് ഇരു കൈകളും മുകളിലേക്ക് ഉയർത്തി ലോകം ജയിച്ചവന്റെ ആഹ്ലാദത്തോടെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിന്റെ ഹൃദയഭാഗത്ത് നെഞ്ചും വിരിച്ച് നിൽപ്പുണ്ടായിരുന്നു.

നിരവധി കോണ്ട്രവേഴ്സി നിറഞ്ഞ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിൽ അയാളിലൂടെയാണ് ഇംഗ്ലണ്ട് വിജയ സാധ്യതകൾ നിലനിർത്തിയതും കിരീടത്തിൽ തങ്ങളുടെ പേര് എഴുതി ചേർത്തതും.ബെൻ സ്റ്റോക്സിനെ സംബന്ധിച്ച് അതൊരു കടം വീട്ടൽ കൂടി ആയിരുന്നു.ഒരിക്കൽ താൻ കാരണം നഷ്ട്ടപ്പെട്ട ലോക കിരീടം തിരിച്ചെടുക്കുമ്പോൾ അതിന് കാരണവും താൻ ആവുന്നു എന്ന കാലം കാത്തു വച്ച കാവ്യ നീതിയിൽ ഉറച്ചു നിന്നു കൊണ്ട് അയാൾ ചിരിക്കുകയാണ്… ഒരിക്കൽ കരണത്തടിച്ച കാലത്തെ കൊണ്ട് , അയാൾ വീണ്ടും വീണ്ടും തന്നെ ആലിംഗനം ചെയ്യിച്ചുകൊണ്ട്.

വീണ്ടും അയാൾ ചരിത്രത്തെ തിരുത്താൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു , അനായാസമായി വിജയിക്കേണ്ട ഒരു മത്സരത്തിൽ തുടരെ വിക്കറ്റുകൾ പോകുമ്പോൾ ബിഗ് മാച്ചുകളുടെ സമ്മർദ്ദങ്ങൾക്ക് പിടി കൊടുക്കാതെ പാകിസ്ഥാന്റെ കിരീട സ്വപ്നങ്ങൾക്ക് മേൽ മഴയ്ക്ക് മുന്നേ അയാൾ പെയ്തിറങ്ങി .

അതുകൊണ്ട് തന്നെ ഞാൻ വിശ്വസിക്കുന്നു.”നഷ്ടപ്പെട്ടവന്റെ നിസ്സഹായതയിൽ നിന്ന് ലോകം തന്നെ കീഴടക്കിയവരുടെ പട്ടിക എടുത്താൽ അതിൽ ഒരു പേര് അയാളുടെത് ആയിരിക്കും ,ബെഞ്ചമിൻ ആൻഡ്രൂ സ്റ്റോക്സ് എന്ന ബെൻ സ്റ്റോക്‌സിന്റെ…”അന്ന് കരഞ്ഞുകലങ്ങിയ ഇന്ന് അയാൾ സ്ഥിരം രക്ഷകൻ : ഇതിഹാസ ആൾറൗണ്ടറായി കുതിക്കുന്ന ബെൻ സ്റ്റോക്സ്