ഇന്ത്യ 450 അടിച്ചാലും ഞങ്ങൾ ജയിച്ചേനെ :നയം വിശദമാക്കി ബെൻ സ്റ്റോക്സ്

ഇന്ത്യക്കെതിരായ ടെസ്റ്റ്‌ വിജയത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. മത്സരത്തിൽ തങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസം ഉണ്ടായിരുന്നു എന്ന് പറഞ്ഞ ബെൻ സ്റ്റോക്സ്‌, ഇന്ത്യ 450 റൺസ് വിജയലക്ഷ്യം ഉയർത്തണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നും പറഞ്ഞു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പുതിയ രീതിയിലാണ് ടെസ്റ്റ് ക്രിക്കറ്റ്‌ കളിക്കുന്നത് എന്ന് പറഞ്ഞ സ്റ്റോക്സ്, യുവ ക്രിക്കറ്റ് ആരാധകരെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകർഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും പറഞ്ഞു.

“378 റൺസ് എന്ന ടോട്ടൽ ഏതാനും ആഴ്ചകൾക്ക് മുൻപ് ഞങ്ങളെ ഭയപ്പെടുത്തുമായിരുന്നു. എന്നാൽ, ഇന്ന് 450 റൺസ് ചേസ് ചെയ്യേണ്ടി വന്നാലും ഞങ്ങൾ പതറില്ല. ടീമംഗങ്ങൾ ഇത്രത്തോളം മികച്ച രീതിയിൽ കളിക്കുമ്പോൾ, എന്റെ ഭാരം കുറവാണ്. ഡ്രസ്സിംഗ് റൂമിലെ ഞങ്ങളുടെ ഒത്തിണക്കം മൈതാനത്തും പ്രകടിപ്പിക്കാനായി. ജോണിക്കും റൂട്ടിനും മുഴുവൻ ക്രെഡിറ്റ്‌ നൽകുന്നു. കൂടാതെ, ബുംറയും ഷമിയും എറിഞ്ഞിട്ടും ന്യൂ ബോളിൽ മികച്ച രീതിയിൽ ഇന്നിംഗ്സ് തുടങ്ങിയ ഓപ്പണർമാരും മികച്ചു നിന്നു,” സ്റ്റോക്സ് തുടർന്നു.

“ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ഒരു ശൈലി കൊണ്ടുവരാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്. ഞങ്ങൾ ഞങ്ങളുടെ പിൻഗാമികൾക്ക് പുതിയ ഒരു ശൈലി പരിചയപ്പെടുത്തുന്നു. ആക്രമണോത്സകവും ആവേശഭരിതവുമായി ടെസ്റ്റ് ക്രിക്കറ്റിനെ സമീപിക്കുമ്പോൾ, യുവ ക്രിക്കറ്റ് ആരാധകരും ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകർഷകരാകും,” ബെൻ സ്റ്റോക്സ് പറഞ്ഞു.

മുൻ ന്യൂസിലാൻഡ് താരം ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായും, ബെൻ സ്റ്റോക്സ്‌ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനായും നിയമിതരായതോടെ തന്നെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ശൈലിയിൽ മാറ്റം വരുമെന്ന് ക്രിക്കറ്റ് ലോകത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ ഇന്ത്യക്കെതിരെ നടന്ന മത്സരത്തിലും നേരത്തെ ന്യൂസിലൻഡിനെതിരായ പരമ്പരയിലും ആ പുതിയ മാറ്റമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഭാഗത്തുനിന്ന് കണ്ടത്.