അവൻ വിരമിച്ചു കാരണം ഇതാണ്‌!! ഷോക്കിങ് അറിയിപ്പുമായി നാസിർ ഹുസൈൻ

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഇംഗ്ലണ്ട് ടെസ്റ്റ്‌ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ 31-കാരനായ ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് തന്നെ പറയാം. ഇപ്പോൾ, എന്താണ് ബെൻ സ്റ്റോക്സിനെ വിരമിക്കലിലേക്ക് നയിക്കാനുണ്ടായ കാരണം എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇംഗ്ലീഷ് താരങ്ങൾ.

മത്സരങ്ങളുടെ ഇടവേളകളില്ലാത്ത ഷെഡ്യുളുകൾ ആണ് കളിക്കാരെ അതിവേഗം കളി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിക്കുന്നത് എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ പറഞ്ഞു. “ബെൻ സ്റ്റോക്സിന്റെ ഭാഗത്തോ, ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡിന്റെ ഭാഗത്തോ ഒരു വീഴ്ചയും വന്നിട്ടില്ല. മത്സരത്തിന്റെ ഷെഡ്യൂൾ ആണ് പ്രശ്നം. ഐസിസി ഇവന്റുകൾ വരും, അതിനിടയിലെ ഗ്യാപ്പുകളിൽ ബോർഡുകൾ കളി ഷെഡ്യുൾ ചെയ്യും. ഇതുകൊണ്ടാണ് കളിക്കാർക്ക് വേഗം കളി മതിയാവുന്നത്,” നാസർ ഹുസൈൻ പറഞ്ഞു.

ഫ്രാഞ്ചൈസി ക്രിക്കറ്റുകളെയാണ്‌ മറ്റൊരു മുൻ ഇംഗ്ലണ്ട് ക്രിക്കറ്ററായ മൈക്കിൾ വോൺ ഈ വിഷയത്തിൽ കുറ്റപ്പെടുത്തിയത്. “എല്ലാ ക്രിക്കറ്റ് ബോർഡുകളും തങ്ങൾക്ക് കീഴിൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകൾ വരണമെന്ന് ആഗ്രഹിച്ചാൽ, ഭാവിയിൽ ഏകദിന, ടി20 അന്താരാഷ്ട്ര മത്സരങ്ങൾ ഉണ്ടാകില്ല. 31-ാം വയസ്സിലൊക്കെ കളിക്കാർ കളി മതിയാക്കുന്നത് ഇംഗ്ലണ്ട് ടീമിന് നല്ലതല്ല,” വോൺ പറഞ്ഞു.

കഠിനമായ ഷെഡ്യൂൾ ആയത് കൊണ്ട്, തന്റെ ശരീരം അതിന് പകപ്പെടുന്നില്ല എന്നും, തന്റെ ടീമും സഹതാരങ്ങളും ആഗ്രഹിക്കുന്നതുപോലെ തന്റെ 100% ഏകദിന ഫോർമാറ്റിൽ തനിക്ക് നൽകാൻ ആകുന്നില്ല എന്നുമായിരുന്നു വിരമിക്കൽ പ്രഖ്യാപനത്തിൽ ബെൻ സ്റ്റോക്സ് ചൂണ്ടിക്കാണിച്ച കാര്യങ്ങൾ. ടെസ്റ്റ്‌, ടി20 ഫോർമാറ്റുകളിൽ ബെൻ സ്റ്റോക്സ് തുടരും.

Rate this post