അവൻ പന്തിന്റെ സ്ഥാനം തട്ടിയെടുക്കും!!മുന്നറിയിപ്പ് നൽകി സ്‌റ്റെയ്‌ൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് മുന്നറിയിപ്പ് നൽകി ദക്ഷിണാഫ്രിക്കൻ ഇതിഹാസ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. നിലവിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആണ് ഋഷഭ് പന്ത് എങ്കിലും, ബാറ്റിംഗിൽ ഋഷഭ് പന്ത് സ്ഥിരത പുലർത്തുന്നില്ല എന്നത് അദ്ദേഹത്തെ കുറിച്ച് വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ സെലക്ടർമാർ വീണ്ടും വീണ്ടും പന്തിന് അവസരങ്ങൾ നൽകുകയായിരുന്നു.

എന്നാൽ, ഈ പരിഗണന കൂടുതൽ കാലം പ്രതീക്ഷിക്കരുത് എന്നാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇഷാൻ കിഷൻ മികച്ച കഴിവുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ആണെന്ന് പറഞ്ഞ സ്റ്റെയ്‌ൻ, പന്ത് ഇപ്പോഴുള്ളത് പോലെ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എങ്കിൽ, അദ്ദേഹത്തിന് ഏകദിന ടീമിലെ അവസരം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.

“ഞാൻ ഇഷാൻ കിഷന്റെ ഒപ്പം കളിച്ചിട്ടുണ്ട്. അവന്റെ കഴിവിനെ കുറിച്ച് എനിക്ക് വ്യക്തമായി അറിയാം. അവന്റെ ശാരീരിക പ്രകൃതിക്കനുസരിച്ച് അവൻ ഏറ്റവും മികച്ച രീതിയിൽ ആണ് ബാറ്റ് ചെയ്യുന്നത്. അവന് കുട്ടികളുടെ സ്വഭാവമാണ്, എന്നാൽ അവൻ ഒരു റോക്ക് സ്റ്റാറാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ അവനെ ജസ്റ്റിൻ ബീബർ എന്നാണ് വിളിച്ചിരുന്നത്,” ദക്ഷിണാഫ്രിക്കൻ ഇതിഹാസം പറയുന്നു.

“കഴിഞ്ഞ ദക്ഷിണാഫ്രിക്കെതിരായ പരമ്പരയിൽ ഇഷാൻ നോർജേക്കെതിരെ നേടിയ സിക്സ് അത്ര എളുപ്പമുള്ള കാര്യമല്ല. മികച്ച ടൈമിംഗ്, സ്കിൽ, പവർ എന്നിവയെല്ലാം ആ ഷോട്ടിൽ അടങ്ങിയിട്ടുണ്ട്. ഇഷാന്റെ പ്രകടനം ഋഷഭ് പന്തിന്റെ ഏകദിന ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നു,” സ്റ്റെയ്‌ൻ പറഞ്ഞു. അവസാനിച്ച ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ, ഇഷാൻ കിഷൻ 93 റൺസ് നേടിയിരുന്നു.