ബുംറ മുൻപും ഇതുപോലെ ചെയ്തിട്ടുണ്ട് 😱ബുംറക്കെതിരെ മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പരയിലെ വാശിയേറിയ രണ്ടാം മത്സരത്തിൽ, കളിക്കാരുടെ വീറും വാശിയും കളിക്കാർ തമ്മിലുള്ള നേർക്കുനേർ വാക്പോരിനും കളമൊരുക്കി. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ ജസ്‌പ്രീത് ബുംറയും ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ ജാൻസണുമാണ് വാക്ക്തർക്കത്തിൽ ഏർപ്പെട്ടത്. ജോഹന്നാസ്ബർഗ് ടെസ്റ്റിന്റെ മൂന്നാം ദിനം, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന്റെ 54-ാം ഓവറിലാണ് വാക്ക്തർക്കത്തിന് ആസ്പതമായ സംഭവം നടന്നത്.

54-ാം ഓവറിൽ ബുംറക്ക്‌ നേരെ ജാൻസൺ എറിഞ്ഞ ആദ്യ മൂന്ന് ബൗൺസറുകളും, ബുംറയുടെ വലത് തോളിൽ തട്ടുകയായിരുന്നു. ഇതോടെ, ക്ഷുഭിതനായ ബുംറ ജാൻസണെ തുറിച്ച് നോക്കി, ജാൻസണും സമാന രീതിയിൽ ബുംറയെ നോക്കിയതോടെ ഇരുവരും കളിക്കളത്തിന്റെ മധ്യത്തിൽ വന്ന് വാക്ക്തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഉടനെ ഓൺ-ഫീൽഡ് അമ്പയർ ഇടപെട്ട് ഇരുവരെയും വേർപ്പെടുത്തുകയും ചെയ്തു.

എന്നാൽ, തൊട്ടടുത്ത ഓവറിൽ കാഗിസോ റബാഡയെ സിക്സ് പറത്തിയാണ് ബുംറ തന്റെ കലിപ്പ് അടക്കിയത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും റബാഡക്കെതിരെ ബുംറ സിക്സ് അടിച്ചിരുന്നു. എന്നിരുന്നാലും, ലുങ്കി എൻഗിടിയുടെ പന്തിൽ മാർക്കോ ജാൻസന്റെ കൈകളിൽ അകപ്പെട്ട് പുറത്താകാനായിരുന്നു ബുംറയുടെ വിധി. രണ്ടാം ഇന്നിംഗ്സിൽ 7 റൺസാണ് ഇന്ത്യൻ പേസറുടെ സമ്പാദ്യം.എന്നാൽ, ബുംറ ജാൻസൺ വാക്ക്തർക്കത്തിൽ ബുംറക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ.

സംഭവത്തെ കുറിച്ചുള്ള ഒരു ആരാധകന്റെ ട്വീറ്റിന് മറുപടിയായിയാണ് സ്റ്റെയ്ൻ തന്റെ പ്രതികരണം അറിയിച്ചത്. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ്‌ പരമ്പരയിൽ, ജെയിംസ് ആൻഡേഴ്സണ് നേരെ ബുംറ എറിഞ്ഞ ഷോർട്ട് ബോളുകളെ സൂചിപ്പിച്ചായിരുന്നു ഡെയ്ൽ സ്റ്റെയ്ന്റെ പ്രതികരണം. “ജെയിംസ് ആൻഡേഴ്സണ് നേരെ സമാന രീതിയിൽ ബുംറ പന്തെറിഞ്ഞിട്ട് അധിക നാൾ ആയിട്ടില്ല. ഇതെല്ലാം അതിന്റെതായ ഒരു സെൻസിൽ എടുക്കാൻ പഠിക്കു,” സ്റ്റെയ്ൻ ട്വീറ്റ് ചെയ്തു.