വായുവിൽ പറന്നുയർന്ന് സ്റ്റീവ് സ്മിത് ; ഒടുവിൽ അപകടകരമായ ലാൻഡിംഗും പരിക്കും

ക്രിക്കറ്റിൽ ഒരു കളിക്കാരന്റെ മികവിനെ കണക്കാക്കുന്നതിനുള്ള അടിസ്ഥാനപരമായ ഒരു പരാമീറ്ററാണ് ഫീൽഡിംഗ്. ടീമിലെ ഓരോ കളിക്കാരനും കളിക്കളത്തിൽ തങ്ങളുടെ എല്ലാ കഴിവും പുറത്തെടുത്തുകൊണ്ട് പന്തിന് നേരെ കുതിക്കുമ്പോൾ, അത് കാണാൻ തന്നെ ആരാധകർക്ക് എന്നും ആവേശമാണ്. കൗതുകരമായ പല ഫീൽഡിംഗ് ശ്രമങ്ങൾക്കും സാക്ഷിയാകാൻ കഴിഞ്ഞ ആരാധകർ ഇപ്പോൾ മറ്റൊരു നിമിഷത്തിന് കൂടി സാക്ഷികളായിരിക്കുകയാണ്.

തന്റെ ഫീൽഡിംഗ് മികവിലൂടെ എതിർ ടീമിന്റെ ഒന്നോ രണ്ടോ റൺസ് സേവ് ചെയ്യുന്ന ഫീൽഡർ, ഒരുപക്ഷെ ആ കളിയുടെ ഗതി തന്നെ മാറ്റിയേക്കാം. അതുകൊണ്ട് തന്നെ ഏതൊരു ടീമും തങ്ങളുടെ ടീമിലെ അംഗങ്ങൾ മികച്ച ഫീൽഡർമാർ കൂടി ആയിരിക്കാൻ ആഗ്രഹിക്കും. ഇപ്പോൾ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ കൗതുകകരമായ ഒരു മുഴു നീളൻ ഡൈവിനാണ് ക്രിക്കറ്റ്‌ ലോകം സാക്ഷ്യം വഹിച്ചത്.

ഓസ്‌ട്രേലിയ ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിടയിലാണ് ഡീപ്പ് മിഡ് വിക്കറ്റിൽ ഫീൽഡ് ചെയ്തിരുന്ന സ്റ്റീവ് സ്മിത്ത്, ഒരു സിക്സ് തടയുന്നതിനായി തന്റെ ശരീരം പോലും നോക്കാതെ ഒരു ഗംഭീര ഫീൽഡിംഗ് ശ്രമം നടത്തിയത്. എന്നാൽ, നിർഭാഗ്യം വിനയായതോടെ സ്മിത്തിന് ആ സിക്സ് സേവ് ചെയ്യാൻ സാധിച്ചില്ല എന്ന് മാത്രമല്ല, ആ ഡൈവ് അദ്ദേഹത്തിന് സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തു.

മാർക്കസ് സ്റ്റോണിസിന്റെ പന്തിനെ മിഡ് വിക്കറ്റിലേക്ക് ശ്രീലങ്കയുടെ മഹേഷ് തീക്ഷണ ഉയർത്തിയടിച്ചപ്പോഴാണ് ഫീൽഡിംഗിൽ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ പ്രകടനം നടന്നത്. സ്മിത് ബൗണ്ടറി ലൈനിന് മുകളിലൂടെ വായുവിൽ പറന്ന് പന്തിനെ ഉള്ളിലേക്ക് തട്ടിയിട്ടെങ്കിലും, പന്ത് ലൈനിൽ തട്ടിയെന്ന് കണ്ടെത്തിയ തേർഡ് അമ്പയർ അത് സിക്സ് വിളിക്കുകയായിരുന്നു. എന്നാൽ, അപകടകരമായ ലാൻഡിംഗ് നടത്തിയ സ്മിത്തിന് പരിക്കേൽക്കുകയും ചെയ്തു.