‘സ്റ്റാർക് മാജിക്’ ജയ്സൺ ഹോൾഡറിനെ പുറത്താക്കിയ മിച്ചൽ സ്റ്റാർക്കിന്റെ ബോൾ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം വിജയിച്ച് 2-0 ത്തിന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. അഡ്ലൈഡിൽ നടന്ന മത്സരത്തിൽ 419 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാർനസ് ലബുഷാനെ (163), ട്രെവിസ് ഹെഡ് (175), ഉസ്മാൻ ഖവാജ (62) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ ഒന്നാം ഇന്നിംഗ്സിൽ 511/7 എന്ന നിലയിൽ ഓസ്ട്രേലിയ ഡിക്ലയർ ചെയ്യുകയായിരുന്നു.
തുടർന്ന്, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് ഒന്നാം ഇന്നിംഗ്സിൽ 214 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ശേഷം, രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 199/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. എന്നാൽ, കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് രണ്ടാം ഇന്നിംഗ്സിൽ ആകെ 77 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. രണ്ടാം ഇന്നിംഗ്സിൽ മിച്ചൽ സ്റ്റാർക്, മൈക്കിൾ നെസർ, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. അതിൽ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക് വെസ്റ്റ് ഇൻഡീസ് ബാറ്റർ ജയ്സൺ ഹോൾഡറിനെ പുറത്താക്കിയ ഡെലിവറി ശ്രദ്ധേയമായി.

ഒരു ഇൻസ്വിങ് ബോളിലൂടെയാണ് മിച്ചൽ സ്റ്റാർക്ക് ഹോൾഡറിനെ ക്ലീൻ ബൗൾഡ് ചെയ്തത്. സ്റ്റാർക്കിന്റെ ഗുഡ് ലെങ്ങ്തിൽ പിച്ച് ചെയ്ത ബോൾ, ഉള്ളിലേക്ക് സ്വിങ് ചെയ്യുകയും, ബാറ്ററെ അമ്പരപ്പിച്ചുകൊണ്ട് സ്റ്റമ്പിൽ പതിക്കുകയും ആയിരുന്നു. ഹോൾഡറിന്റെ വിക്കറ്റ് എടുത്ത മിച്ചൽ സ്റ്റാർക്കിന്റെ ബൗളിനെ, സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ സ്റ്റാർ മാജിക് എന്ന് വിശേഷിപ്പിച്ചു. 10 ഓവറിൽ 29 റൺസ് വഴങ്ങിയാണ് സ്റ്റാർക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.
അഡ്‌ലൈഡ് ടെസ്റ്റിൽ സെഞ്ച്വറി പ്രകടനം കാഴ്ചവച്ച ഓൾറൗണ്ടർ ട്രെവിസ് ഹെഡിനെയാണ് പ്ലെയർ ഓഫ് ദി മാച്ച് തിരഞ്ഞെടുത്തത്. പരമ്പരയിലെ ഒന്നാം ടെസ്റ്റ് മത്സരത്തിൽ, ആദ്യ ഇന്നിംഗ്സിൽ ഡബിൾ സെഞ്ചുറിയും, രണ്ടാം സെഞ്ചുറിയും നേടുകയും, ഇന്ന് അവസാനിച്ച അഡ്‌ലൈഡ് ടെസ്റ്റിൽ സെഞ്ച്വറി നേടുകയും ചെയ്ത മാർനസ് ലബുഷാനെ ആണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.