അയ്യർ ദി ഗ്രേറ്റ്‌..!!! സ്റ്റീവ് സ്മിത് ബ്രാവോ എന്നിവരടങ്ങുന്ന എലൈറ്റ് പട്ടികയിൽ ഇടം നേടി ശ്രേയസ് അയ്യർ

ബെംഗളൂരുവിൽ പുരോഗമിക്കുന്ന ഇന്ത്യ – ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അവിശ്വസനീയമായ ഫോം തുടരുന്നു. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ടെസ്റ്റ്‌ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ വെറും 98 പന്തിൽ 92 റൺസെടുത്ത അയ്യർ, രണ്ടാം ഇന്നിംഗ്‌സിലും മറ്റൊരു അതിവേഗ അർധസെഞ്ചുറി കൂടി നേടി.

രണ്ടാം ഇന്നിംഗ്‌സിൽ 87 പന്തിൽ 67 റൺസെടുത്ത അയ്യരെ ലസിത് എംബുൽദേനിയ പുറത്താക്കിയതോടെ സെഞ്ചുറി നേടാനുള്ള മറ്റൊരു അവസരവും താരത്തിന് നഷ്ടമായി. എന്നിരുന്നാലും, തന്റെ ഗംഭീര ഇന്നിംഗ്‌സിലൂടെ, ഒരു പിങ്ക്-ബോൾ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും അർദ്ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി അയ്യർ ചരിത്രപുസ്തകങ്ങളിൽ ഇടം പിടിച്ചു.

ബെംഗളൂരു ടെസ്റ്റിന്റെ ഒന്നാം ദിനം, ആദ്യ ഇന്നിംഗ്സിലെ അർധസെഞ്ചുറി നേട്ടത്തോടെ, നിയുക്ത കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ, വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം പിങ്ക്-ബോൾ ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി മാറിയിരുന്നു. വിക്കറ്റ് കീപ്പർ – ബാറ്റർ ഋഷഭ് പന്തും മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിലെ അർധസെഞ്ചുറി നേട്ടത്തോടെ ഈ പട്ടികയിൽ ഇടം നേടി. 28 പന്തിൽ 50 റൺസ് നേടിയ പന്ത് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വേഗമേറിയ അർധസെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്ഥാപിച്ചു.

രണ്ട് ഇന്നിംഗ്സിലും അർധസെഞ്ചുറി തികച്ചതോടെ ലോകക്രിക്കറ്റിൽ ഇതേ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമായും അയ്യർ മാറി. ഡാരൻ ബ്രാവോ, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷാഗ്‌നെ എന്നിവരടങ്ങുന്ന എലൈറ്റ് പട്ടികയിലാണ് അയ്യർ ഇടം നേടിയിരിക്കുന്നത്. നേരത്തെ ഡേ-നൈറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ മാറിയിരുന്നു. ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, അക്‌സർ പട്ടേൽ എന്നിവർക്കൊപ്പമാണ് ബുംറ ഇടം പിടിച്ചത്.