വീരുവിന് മുൻപേ വന്ന വെടിക്കെട്ട് സിംഹം!!!കൃഷ്ണമാചാരി ശ്രീകാന്ത് ‘വെടിക്കെട്ടിൽ’ പൊലിഞ്ഞുപോയ താരോദയം

ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട ഏറ്റവും ആക്രമണോത്സുകനായ ഓപ്പണർ എന്ന് ഇന്ന് ക്രിക്കറ്റ്‌ ലോകം കണക്കാക്കുന്നത് ഒരുപക്ഷെ വിരേന്ദർ സെവാഗിനെ ആയിരിക്കാം. എന്നാൽ, വീരേന്ദർ സെവാഗ് ക്രിക്കറ്റ്‌ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നതിനും മുന്നേ തന്നെ, എതിരാളികളെ കുറഞ്ഞ ഓവറിൽ തന്നെ തരിപ്പണമാക്കാൻ ശേഷിയുള്ള ആക്രമണോത്സുകനായ ഒരു ഓപ്പണറെക്കുറിച്ച് ഇന്ത്യ അഭിമാനം കൊണ്ടിരുന്നു. അദ്ദേഹമാണ് തമിഴ്നാട് ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച കൃഷ്ണമാചാരി ശ്രീകാന്ത്.

സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ കാണികൾക്ക് ശ്രീകാന്തിന്റെ ബാറ്റിംഗ് ശൈലി പുതുമയുള്ളതും രസകരവുമായിരുന്നു. തീർച്ചയായും അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി സ്ഫോടനാത്മകവുമായിരുന്നു. ബാറ്റിങിനോടുള്ള ശ്രീകാന്തിന്റെ സമീപനം അദ്ദേഹത്തിന്റെ പങ്കാളിയായ സുനിൽ ഗവാസ്‌കറിന്റേതിന് വിപരീതമായിരുന്നു, ഈ ജോഡി ഇന്ത്യക്ക് ചില മികച്ച തുടക്കങ്ങൾ നൽകി എന്നത് ഒരു വസ്തുതയാണ്. എന്നാൽ, കൊടുങ്കാറ്റ് കണക്കെ ബാറ്റ് വീശുന്ന ശൈലി ശ്രീകാന്ത്‌ സ്ഥിരമാക്കിയതോടെ, അദ്ദേഹത്തിന്റെ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടപ്പെടുന്നതിലേക്ക് നയിച്ചു, ശ്രീകാന്ത്‌ അദ്ദേഹത്തിന്റെ വിക്കറ്റുകൾ വിലകുറഞ്ഞ രീതിയിൽ വലിച്ചെറിയുന്നു എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നു തുടങ്ങി.

21-ാം വയസ്സിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ശ്രീകാന്ത്, നല്ല കോ-ഓർഡിനേഷനും വളരെ വേഗത്തിലുള്ള ചില റിഫ്ലെക്സുകളും സമ്മാനിച്ച ഒരു സ്റ്റൈലിഷ് ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്നു. 1989-ൽ ഇന്ത്യയുടെ ക്യാപ്റ്റനായി ചുമതലയേറ്റ ശ്രീകാന്തിന്റെ കീഴിലാണ് സാക്ഷാൽ സച്ചിൻ ടെൻടുൽക്കർ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത് എന്നതും ശ്രീകാന്തിനെ സംബന്ധിച്ചിടത്തോളം തന്റെ ക്രിക്കറ്റ്‌ കരിയറിൽ ഒരിക്കലും മറക്കാനിടയില്ലാത്ത നിമിഷമാണ്. എന്നിരുന്നാലും, ബാറ്റിംഗിലെ മോശം ഫോം തുടർന്നതിന് പിന്നാലെ 1990-ന്റെ അവസാനത്തിൽ ശ്രീകാന്ത്‌ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു.

തുടർന്ന്, ദേശീയ ക്രിക്കറ്റിലേക്ക് ഒരു മടങ്ങി വരവ് നടത്തിയെങ്കിലും, പഴയ ബാറ്റിംഗ് വൈധഗ്ദ്യം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടതോടെ, 1993-ൽ ശ്രീകാന്ത് തന്റെ 33-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു. എങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമായ തമിഴ്നാട് ബാറ്റർ, ദേശീയ സെലക്ടർമാരുടെ പെയ്‌മെന്റ് പാനലിന്റെ ആദ്യ ചെയർമാനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ മകൻ അനിരുദ്ധ ശ്രീകാന്ത് ഇന്ന് വളർന്നുവരുന്ന ഒരു ക്രിക്കറ്റ് താരമാണ്, തമിഴ്‌നാട് രഞ്ജി ടീമിന്റെ ഭാഗവുമാണ്.

Rate this post