ദിനേശ് കാർത്തിക്ക് അല്ല അവനാണ് യഥാർത്ഥ ഫിനിഷർ!! വാനോളം പുകഴ്ത്തി മുൻ താരം

ഒരു ഫിനിഷർ എന്ന നിലയിൽ ദിനേശ് കാർത്തികിനേക്കാളും എന്തുകൊണ്ടും മികച്ചത് സൂര്യകുമാർ യാദവിനെ പോലെയുള്ള താരങ്ങളാണ് എന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരവും ചീഫ് സെലക്‌റ്ററും ആയിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ഏഷ്യ കപ്പ് ക്രിക്കറ്റിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീകാന്തിന്റെ അഭിപ്രായത്തിൽ മത്സരത്തിന്റെ 8-12 ഓവറുകളിൽ ക്രീസിൽ എത്തുകയും അവസാന പന്ത് വരെ നിന്ന് കളി ജയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളെയാണ് ‘ഫിനിഷർ’ എന്ന് വിളിക്കാൻ കഴിയുന്നത്. കെ എൽ രാഹുൽ ഒരു നല്ല ഫിനിഷർ ആണ്, അതുപോലെ തന്നെയാണ് രോഹിത് ശർമയും. പക്ഷേ, രണ്ട് പേരും ഓപ്പണർമാരായും തിളങ്ങുന്നു. ദിനേശ് കാർത്തിക് ഒരു നല്ല ഫിനിഷർ ആണെന്ന അഭിപ്രായം പലർക്കും ഉണ്ടായിരിക്കാം. പക്ഷേ എന്റെ അഭിപ്രായത്തിൽ സൂര്യകുമാർ യാദവ് കളിക്കുന്നതുപോലെ ആകണം ഒരു മികച്ച ഫിനിഷർ.

ഋഷഭ് പന്ത് ഒരു മികച്ച ഫിനിഷർ ആണ്. അതുപോലെ തന്നെയാണ് ഹാർദിക് പാണ്ഡ്യയും, ശ്രീകാന്ത് പറയുന്നു. നേരത്തെ മുൻ ഇന്ത്യൻ താരം അജയ് ജഡേജയും ദിനേശ് കാർത്തികിനെതിരെ രംഗത്തെത്തിയിരുന്നു. കാർത്തിക് ഒരു മികച്ച കമന്റേറ്റർ ആണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. എന്നാൽ എന്റെ ടീമിൽ കാർത്തികിന് ഒരു സ്ഥാനം ഉണ്ടാവില്ല. അദ്ദേഹത്തിന് എന്നോടുകൂടെ കമന്ററി ബോക്സിലേക്ക് സ്വാഗതം എന്നാണ് ജഡേജ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇനി വരാൻ പോകുന്ന മാസങ്ങളിൽ തിരക്കേറിയ മത്സരക്രമമാണ് ടീം ഇന്ത്യക്കുള്ളത്. ഓഗസ്റ്റ് മാസം അവസാനം ഏഷ്യ കപ്പ് വരുന്നു. അതിനു പിന്നാലെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുടെ ഇന്ത്യൻ പര്യടനം. അതിനു ശേഷം ഒക്ടോബറിൽ ഓസ്ട്രേലിയൻ മണ്ണിൽ ട്വന്റി ട്വന്റി ലോകകപ്പ് നടക്കും. ഫിനിഷർമാരായി ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ പ്ലയിങ് ഇലവനിൽ ഉള്ളപ്പോൾ ഏഷ്യ കപ്പിൽ ദിനേശ് കാർത്തിക്കിന് കളിക്കാൻ അവസരം കിട്ടുമോ എന്ന കാര്യം സംശയമാണ്.