ഇവർ എന്തിനാണ് കളിക്കുന്നത് സീസണിലെ മോശം ടീമിനെ പ്രവചിച്ച് മുൻ താരം

ഹൈദരാബാദ് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിക്ക് അവസാന രണ്ട് സ്ഥാനങ്ങളിലെ ഇടം പിടിക്കാനാവു എന്ന് മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് മെന്റർ ക്രിസ് ശ്രീകാന്ത് അഭിപ്രായപ്പെട്ടു. 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമായ ശ്രീകാന്ത് ഒരു സീസണിൽ എസ്ആർഎച്ചിന്റെ കോച്ചിംഗ് സ്റ്റാഫിൽ ഉണ്ടായിരുന്നു.

ചൊവ്വാഴ്ച (മാർച്ച് 29) സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെ എസ്ആർഎച്ച് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.ഐ‌പി‌എൽ 2021-ലെ മോശം പ്രകടനത്തിന് ശേഷം, ഐ‌പി‌എൽ 2022-ന് വേണ്ടി സൺ‌റൈസേഴ്‌സ് ഹൈദരാബാദ്, ടീമിൽ മാറ്റങ്ങൾ വരുത്തി മൊത്തത്തിലൊരു അഴിച്ചുപണി നടത്തിയിരുന്നു. കളിക്കാർക്ക് പുറമെ പരിശീലക സംഘത്തിലും എസ്ആർഎച്ച് കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. പുതിയ സീസണിന് മുന്നോടിയായി ഇതിഹാസ ക്രിക്കറ്റ്‌ താരങ്ങളായ ഡെയ്ൽ സ്റ്റെയ്ൻ, ബ്രയാൻ ലാറ, ഹേമാംഗ് ബദാനി എന്നിവരെ എസ്ആർഎച്ച് തങ്ങളുടെ പരിശീലകരായി നിയമിച്ചിരുന്നു.

കെയ്ൻ വില്യംസണിന്റെ കീഴിൽ മാറ്റങ്ങളോടെ എത്തിയ എസ്ആർഎച്ച് ആദ്യ മത്സരത്തിൽ റോയൽസിനെതിരെ കൂറ്റൻ വികയലക്ഷ്യം മറികടക്കുന്നതിൽ പരാജയപ്പെടുകയും, 61 റൺസിന്റെ തോൽവി സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുൻ ഇന്ത്യൻ താരം ശ്രീകാന്ത് എസ്ആർഎച്ചിന്റെ സാധ്യതകളെക്കുറിച്ചുള്ള തന്റെ വിധി പ്രസ്താവിച്ചത്. “അവർ (എസ്ആർഎച്ച്) അവസാന രണ്ട് സ്ഥാനങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ സീസൺ അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് ഞാൻ കാണുന്നത്,” മുൻ എസ്ആർഎച്ച് ഉപദേഷ്ടാവ് പറഞ്ഞു.

ഒരു മത്സരം കൊണ്ട് ടീമിന്റെ ഭാവി ജഡ്ജ് ചെയ്യാനാവില്ലെങ്കിലും ടീം ഘടന ശരിയല്ല എന്നാണ് ശ്രീകാന്ത് പറയുന്നത്. “അതെ, ഒരു മത്സരം മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ആ ഒരു മത്സരം മാത്രം വിലയിരുത്തി അവരുടെ ഭാവി അളക്കാനാവില്ല. എന്നാൽ, അവരുടെ ഫോർമേഷൻ ശരിയല്ല. മികച്ച താരങ്ങളെ സ്വന്തമാക്കാൻ മെഗാ ലേലം ഒരു വലിയ അവസരം തുറന്നിട്ടിട്ടും, അവർ ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്ന രീതിയിലുള്ള ടീം ഘടനയിൽ തന്നെയാണ് എത്തി നിൽക്കുന്നത്. അവരുടെ മധ്യനിര പൂർണ്ണമായും യുവതാരങ്ങളെ ആശ്രയിക്കേണ്ടി വരുന്നു,” ശ്രീകാന്ത് പറഞ്ഞു.