സ്പെഷ്യൽ റോളിൽ വീണ്ടും എത്തി ശ്രീശാന്ത്!! ഷാക്കിബ് ക്യാപ്റ്റനായ ടീമിൽ ശ്രീശാന്ത് മെന്റർ

മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത് ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിന്റെ മെന്റർ ആയി ചുമതല ഏറ്റു. ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോർമാറ്റുകളിലുമായി 90 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ശ്രീശാന്ത്, 2022 മാർച്ചിലാണ് ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2005-ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ശ്രീശാന്ത്, 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്‌ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.

2013-ൽ സ്പോട്ട് ഫിക്സിങ്ങിനെ തുടർന്ന് വിലക്ക് നേരിട്ട് ശ്രീശാന്ത്, പിന്നീട് കുറ്റവിമുക്തനായ ശേഷം 2020-ൽ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വന്നിരുന്നു. ദേശീയ ടീമിലേക്ക് മടങ്ങിയെത്താൻ തനിക്ക് ആഗ്രഹമുണ്ട് എന്ന് പലപ്പോഴായി തുറന്നുപറഞ്ഞ ശ്രീശാന്ത്, കേരള ക്രിക്കറ്റ് ടീമിന്റെ ഭാഗമായി രഞ്ജി ട്രോഫി ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. ഐപിഎല്ലിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, ഫ്രാഞ്ചൈസികൾ ആരും തന്നെ ശ്രീശാന്തിനെ സ്വന്തമാക്കാൻ മുന്നോട്ടു വരാതിരുന്നത് താരത്തെ മാനസികമായി നിരാശപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ പരിക്ക് പറ്റിയതോടെയാണ് ശ്രീശാന്ത് ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇപ്പോൾ, അബുദാബി ടി10 ടൂർണമെന്റിൽ ബംഗ്ലാ ടൈഗേഴ്സിന്‍റെ മെന്റർ ആയി ആണ് ശ്രീശാന്ത് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ബംഗ്ലാദേശ് ഇതിഹാസം ശാക്കിബ് അൽ ഹസ്സൻ ആണ് ബംഗ്ലാ ടൈഗേഴ്സിന്‍റെ നായകൻ. പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തതായി ശ്രീശാന്ത് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ പ്രഖ്യാപനം നടത്തിയത്.

ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്എംസി ഡോക്ക്യാർഡ് ലിമിറ്റഡ് ഉടമ യാസിൻ ചൗധരിയാണ് ബംഗ്ലാ ടൈഗേഴ്സിന്‍റെ ചെയർമാൻ. മുൻ ബംഗ്ലാദേശ് ക്രിക്കറ്റർ അഫ്താബ് അഹ്മദ് ആണ് ബംഗ്ലാ ടൈഗേഴ്സിന്‍റെ മുഖ്യ പരിശീലകൻ. എവിൻ ലെവിസ്, മുഹമ്മദ്‌ ആമിർ, കോളിൻ മൺറോ, മതീശ പതിരന ഉൾപ്പടെയുള്ള പ്രമുഖ താരങ്ങൾ ബംഗ്ലാ ടൈഗേഴ്സിന് വേണ്ടി കളിക്കും.

Rate this post