
അതൊരു തെറ്റിധാരണ മാത്രം 😵💫😵💫😵💫അത് വെളിപ്പെടുത്തി ശ്രീശാന്ത്
ഇന്ത്യൻ ക്രിക്കറ്റിനെ മൊത്തത്തിൽ ഞെട്ടിച്ച ഒന്നായിരുന്നു, ഹർഭജൻ സിംഗ് ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം. ഐപിഎല്ലിന്റെ ആദ്യ സീസണിനിടയിലായിരുന്നു സംഭവം അരങ്ങേറിയത്. ഈ സംഭവത്തോട് കൂടി ഇന്ത്യൻ പ്രീമിയർ ലീഗ് അപകടകരമായ ഒന്നാണ് എന്നുപോലും ആരാധകർ പറയുകയുണ്ടായി. മാത്രമല്ല ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചത് ഒരുപാട് വിവാദങ്ങൾക്കും വഴി വച്ചിരുന്നു. എന്നാൽ ഈ സംഭവത്തെ പറ്റി സംസാരിക്കുകയാണ് മലയാളി താരം ശ്രീശാന്ത് ഇപ്പോൾ. അന്ന് ഉണ്ടായത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് ശ്രീശാന്ത് പറയുന്നത്.
ഇപ്പോൾ താനും ഹർഭജനം വളരെ നല്ല സുഹൃത്തുക്കളാണെന്നും ശ്രീശാന്ത് പറയുകയുണ്ടായി. “ഞങ്ങൾ ഇപ്പോഴും മികച്ച സുഹൃത്തുക്കളാണ്. അന്ന് സംഭവിച്ചത് ചെറിയൊരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു. എന്നാൽ മാധ്യമങ്ങൾ അത് വലിയൊരു സംഭവമാക്കി മാറ്റി. എന്റെ കരിയറിന്റെ തുടക്കം മുതൽ എല്ലാ രീതിയിലും എന്നെ പിന്തുണച്ചയാളാണ് ഹർഭജൻ സിംഗ്. എനിക്ക് കമന്റ്ററി ബോക്സിലേക്ക് കടക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയതും ഹർഭജനായിരുന്നു. അദ്ദേഹം എനിക്ക് പിന്തുണ നൽകുകയും ഒരുപാട് സഹായം ചെയ്യുകയും ചെയ്തിട്ടുണ്ട്. അക്കാര്യത്തിൽ ഞാൻ ഹർഭജന് നന്ദി പറയുന്നു.”- ശ്രീശാന്ത് പറയുന്നു.
കഴിഞ്ഞവർഷം ഈ സംഭവത്തെ പറ്റി ഹർഭജൻ സിംഗ് സംസാരിക്കുകയുണ്ടായി. അന്ന് ശ്രീശാന്തിന്റെ മുഖത്തടിച്ച് സംഭവത്തിൽ തനിക്ക് ഖേദമുണ്ടെന്നാണ് അന്ന് ഹർഭജൻ പറഞ്ഞത്. “അന്ന് സംഭവിച്ചത് വളരെ വലിയ തെറ്റ് തന്നെയായിരുന്നു. ഞാനാണ് അക്കാര്യത്തിൽ പിഴവ് ചെയ്തത്. ഞാൻ കാരണം എന്റെ സഹതാരങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. എന്നെങ്കിലും എനിക്കൊരു തെറ്റ് തിരുത്തണം എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് ശ്രീശാന്തിനെതിരെയുള്ള അന്നത്തെ സമീപനമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു അത്. എപ്പോൾ ഞാൻ ചിന്തിക്കുമ്പോഴും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന് തന്നെയാണ് എനിക്ക് തോന്നാറുള്ളത്.”- ഹർഭജൻ സിങ് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ വലിയ കോലാഹലങ്ങളുണ്ടാക്കിയ സംഭവം തന്നെയായിരുന്നു ആ സംഭവം. എന്നാൽ അതിനുശേഷം ഇരുതാരങ്ങളും 2011ലെ ലോകകപ്പിൽ ഒരുമിച്ച് കളിക്കുകയും ചെയ്തിരുന്നു. കാലങ്ങൾ കഴിയുമ്പോൾ ക്രിക്കറ്റിന്റെ സ്പിരിറ്റ് എന്ന രീതിയിലേക്ക് ആ സംഭവം മാറപ്പെടുകയാണ്. 2021 ഡിസംബറിൽ ഹർഭജൻ സിംഗ് മൈതാനത്തുനിന്ന് വിടപറയുകയും, 2022 മാർച്ചിൽ ശ്രീശാന്ത് തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.