Exclusive News :ഒടുവിൽ ശ്രീശാന്തിനും ലേലത്തിനുള്ള വിളി 😍അന്തിമ താരപട്ടിക പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 മെഗാ താരലേലത്തിനുള്ള കളിക്കാരുടെ അന്തിമ പട്ടിക പുറത്തുവിട്ടു. താരലേലത്തിനായി രജിസ്റ്റർ ചെയ്ത 1214 കളിക്കാരിൽ നിന്ന്, ഫ്രാഞ്ചൈസികളുടെ താത്പര്യാർത്ഥം ചുരുക്കിയ പട്ടികയിൽ 590 കളിക്കാർ ഇടം പിടിച്ചു. ഫെബ്രുവരി 12, 13 തീയതികളിൽ ബെംഗളൂരുവിൽ നടക്കുന്ന ദ്വിദിന മെഗാ ലേലത്തിൽ പങ്കെടുക്കുന്ന കളിക്കാരുടെ പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളും ഉൾപ്പെട്ടു.

അന്തിമ പട്ടിക പുറത്തുവന്നതോടെ, താര ലേലത്തിന്റെ ഘടനയും വ്യക്തമായിട്ടുണ്ട്. 10 കളിക്കാർ അടങ്ങുന്ന മാർക്വീ സെറ്റിൽ ഉൾപ്പെട്ട താരങ്ങൾക്കായിരിക്കും ആദ്യം ലേലം നടക്കുക. ആർ അശ്വിൻ, ഡേവിഡ് വാർണർ, ട്രെന്റ് ബോൾട്ട്, പാറ്റ് കമ്മിൻസ്, ക്വിന്റൺ ഡി കോക്ക്, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, കാഗിസോ റബാഡ, ഫാഫ് ഡു പ്ലെസിസ്, മുഹമ്മദ് ഷമി എന്നിവർ മാർക്വീ സെറ്റിൽ ഉൾപ്പെടുന്നു. തുടർന്ന്, ബാറ്റർ, ഓൾറൗണ്ടർ, ഫാസ്റ്റ് ബൗളർ, സ്പിന്നർ, അൺക്യാപ്ഡ് പ്ലയേഴ്‌സ് എന്നിങ്ങനെ സെറ്റുകളായി തിരിച്ചിട്ടുണ്ട്.

43-കാരനായ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ ആണ് പട്ടികയിലെ ഏറ്റവും പ്രായം കൂടിയ താരം. 39 വയസ്സുള്ള അമിത് മിശ്രയാണ് ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ. പുരോഗമിക്കുന്ന അണ്ടർ 19 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന നിരവധി താരങ്ങൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. വിദേശ താരങ്ങളിൽ ഓസ്ട്രേലിയൻ കളിക്കാരാണ് (47) ഏറ്റവും കൂടുതൽ പട്ടികയിൽ ഇടം പിടിച്ചത്. പിന്നാലെ, വെസ്റ്റ് ഇൻഡീസ് (34), സൗത്ത് ആഫ്രിക്ക (33), താരങ്ങളും ഇടം നേടി.

മലയാളി ക്രിക്കറ്റ്‌ താരം എസ്.ശ്രീശാന്ത്‌ അന്തിമ പട്ടികയിൽ ഇടം നേടിയത് ശ്രദ്ധേയമായി. കഴിഞ്ഞ സീസണിലും പേര് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, ഒരു ഫ്രാഞ്ചൈസിയും പേസർക്ക്‌ വേണ്ടി താത്പര്യം പ്രകടിപ്പിക്കാതിരുന്നത് കൊണ്ട് അന്തിമ പട്ടികയിൽ ഇടം നേടാനായിരുന്നില്ല. എന്നാൽ, ഇത്തവണ ശ്രീശാന്തിൽ ഫ്രാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 50 ലക്ഷമാണ് ശ്രീയുടെ അടിസ്ഥാന വില.