ശ്രീശാന്ത് കോച്ചായി ഐപിഎല്ലിലേക്ക് 😱😱സൂചന നൽകി താരം | Sreesanth | IPL

കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും ഇന്ത്യയുടെ മലയാളി ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. മൈതാനത്തും മൈതാനത്തിന് പുറത്തും തന്റെ കരിയറിൽ ഏറെ വിവാദങ്ങളിൽ അകപ്പെട്ട ശ്രീ, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ക്രിക്കറ്റിലേക്ക് മടങ്ങി വരുകയും, കേരളത്തിന്റെ 2022 രഞ്ജി ട്രോഫി ടീമിന്റെ ഭാഗമാവുകയും ചെയ്തിരുന്നു. എന്നാൽ, ഒരു മത്സരം മാത്രം കളിച്ച മുൻ ഇന്ത്യൻ പേസറെ പരിക്കിന്റെ രൂപത്തിൽ നിർഭാഗ്യം അവിടെയും വേട്ടയാടി. ഇതിന് പിന്നാലെയാണ് ശ്രീശാന്ത് ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

നിയമപോരാട്ടങ്ങൾക്കൊടുവിൽ തന്റെ നിരപരാധിത്തം തെളിയിച്ച് 7 വർഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ശ്രീശാന്ത് വീണ്ടുമൊരു ഐപിഎൽ സീസൺ കളിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, 2021 ഐപിഎൽ താരലേലത്തിൽ അവസാന ഘട്ട പട്ടികയിൽ ഉൾപ്പെടാതിരുന്ന ശ്രീ, ഈ വർഷം പട്ടികയിൽ ഉൾപ്പെട്ടിട്ടും ഫ്രാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഓക്ഷൻ ടേബിളിൽ എത്താതെ പോവുകയായിരുന്നു.

ഇപ്പോൾ തന്റെ ഭാവി പദ്ധതികളും, ഐപിഎൽ മോഹം പൂവണിയാതിരുന്നതിലുള്ള പ്രതികരണവും മാധ്യമഞങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീശാന്ത്. ഐപിഎൽ ലേലത്തിൽ ആരും തന്നെ തിരഞ്ഞെടുക്കാത്തത്തിൽ വിഷമമില്ല എന്ന് തുറന്നുപറഞ്ഞ ശ്രീ, മലയാളി ആയതിന്റെ പേരിൽ എവിടെയും തഴയപ്പെട്ടിട്ടില്ല എന്നും കഴിവുള്ളവരെ ആർക്കും തടയാനാവില്ല എന്നും പറഞ്ഞു.

എന്നിരുന്നാലും, തന്റെ ഐപിഎൽ പ്രതീക്ഷകൾ ഇപ്പോഴും ശ്രീശാന്ത് അവസാനിപ്പിക്കുന്നില്ല. ഒരു കോച്ചായി വരും സീസണുകളിൽ ഏതെങ്കിലും ഫ്രാഞ്ചൈസികളുടെ ഡഗ്ഔട്ടിൽ തന്നെ കണ്ടേക്കാം എന്ന ശുഭപ്രതീക്ഷയാണ്‌ ശ്രീശാന്ത് പങ്കുവെക്കുന്നത്.