തുടർച്ചയായ അവഗണനകൾ സഹിക്കാവുന്നതിലും അപ്പുറം ; കെസിഎക്കെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ പേസർ ശ്രീശാന്ത്

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും ബുധനാഴ്ച വിരമിക്കൽ പ്രഖ്യാപനം നടത്തിയ ഇന്ത്യൻ പേസ് ബൗളർ എസ് ശ്രീശാന്ത്, വിടവാങ്ങൽ മത്സരത്തിനുള്ള തന്റെ ആഗ്രഹം കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) നിരസിച്ചതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച പേസർ, ടി20 ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പായ 2007 ഐസിസി ടി20 ലോകകപ്പ്, 2011 ഐസിസി ഏകദിന ലോകകപ്പ് എന്നിവ ഉൾപ്പെടെ രണ്ട് ലോകകപ്പുകൾ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.

ഇപ്പോൾ, താനൊരു വിടവാങ്ങൽ മത്സരം അർഹിച്ചിരുന്നു എന്ന് തുറന്നടിച്ച് കെസിഎക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത്. വിരമിക്കൽ പ്രഖ്യാപനത്തിന് മുമ്പ് നടന്ന ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന് മുന്നോടിയായി ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് കെസിഎയെ അറിയിച്ചിരുന്നുവെന്നും, എന്നാൽ അവർ അതിന് യാതൊരു പ്രധാന്യവും നൽകിയില്ല എന്നും ശ്രീശാന്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

“രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരം കളിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. മത്സരത്തിന് മുന്നോടിയായുള്ള ടീം മീറ്റിംഗിൽ, കേരളത്തിനായുള്ള എന്റെ അവസാന മത്സരമാണിതെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കെസിഎയും അറിയിച്ചിരുന്നു. ഞാൻ ഒരു വിടവാങ്ങൽ മത്സരത്തിന് അർഹനാണെന്ന് ഞാൻ വിശ്വസിക്കുന്നു,” സ്പീഡ്സ്റ്റർ പറഞ്ഞു.

“നിരന്തരമായി അവഗണിക്കപ്പെടുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഞാൻ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുകയാണ്. ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം എനിക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ അവസരം ലഭിച്ചു, എന്നാൽ COVID-19 സാഹചര്യം കാരണം ഒരു മത്സരവും കളിക്കാൻ കഴിഞ്ഞില്ല. 2021ലെ ഐപിഎൽ ലേലത്തിൽ പോലും എന്നെ പരിഗണിച്ചില്ല. 2022 ലേലത്തിനായി ഞാൻ സൈൻ അപ്പ് ചെയ്തപ്പോൾ ആരും എന്നെ വാങ്ങാൻ താൽപ്പര്യം കാണിച്ചില്ല. ഒരാൾ നിരന്തരം അവഗണിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യപ്പെടുമ്പോൾ ഏതൊരു സാധാരണക്കാരനും ചെയ്യാൻ കഴിയുന്നത് ഞാൻ ചെയ്തു,” ക്രിക്കറ്റിൽ വിരമിക്കാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് ശ്രീശാന്ത് പറഞ്ഞു.