ഐപിഎല്ലിൽ മാത്രം തിളങ്ങിയിട്ട് കാര്യമില്ല!! സഞ്ജുവിനെ ഉപദേശിച്ച് ശ്രീശാന്ത്

ഐപിഎല്ലിൽ ഫോം തെളിയിച്ചിട്ടും സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നില്ല, അല്ലെങ്കിൽ മലയാളി താരത്തെ ദേശീയ സെലക്ടർമാർ തഴയുന്നു, എന്ന് തുടങ്ങിയ വാർത്തകൾ സമീപകാലത്തായി മലയാളി ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ലഭിക്കുന്ന അവസരങ്ങളിൽ മികവ് കാട്ടിയിട്ടും മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ, ഇന്ത്യൻ സെലക്ടർമാർ കാര്യമായി പരിഗണിക്കുന്നില്ല എന്നത് ഒരു വസ്തുത തന്നെയാണ്.

ഋഷഭ് പന്ത്, ഇഷാൻ കിഷൻ തുടങ്ങിയ യുവ വിക്കറ്റ് കീപ്പർമാർക്ക് തുടർച്ചയായി അവസരങ്ങൾ നൽകുമ്പോഴും സഞ്ജുവിനെ, ഏഷ്യ കപ്പ്, ലോകകപ്പ് പോലുള്ള പ്രധാന ടൂർണമെന്റുകളിൽ നിന്ന് ഒഴിച്ചു നിർത്തുന്നത് ശ്രദ്ധേയമാണ്. എന്നാൽ, സഞ്ജുവിന് ഒരു ഉപദേശം നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മലയാളികളുടെ അഭിമാനം എസ് ശ്രീശാന്ത്. ഐപിഎല്ലിൽ കളിച്ചത് കൊണ്ട് മാത്രം ഇന്ത്യൻ ടീമിൽ സ്ഥിരമായി ഇടം പിടിക്കാൻ ആകില്ല എന്നാണ് ശ്രീശാന്ത് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞത്.

“സഞ്ജു ഒരു മികച്ച കളിക്കാരനാണ്, എന്നാൽ അവൻ കേരളത്തിനുവേണ്ടി കൂടുതൽ കളിക്കേണ്ടതുണ്ട്. സഞ്ജു എന്റെ കീഴിൽ കളിച്ചിട്ടുണ്ട്, അണ്ടർ 14 മുതൽ സഞ്ജുവിന്റെ കളി ഞാൻ കാണുന്നതാണ്, സഞ്ജുവിനെ രഞ്ജി ട്രോഫി ക്യാപ് നൽകിയതും ഞാനാണ്. ഞാൻ കേരളത്തിൽ നിന്നുള്ള കളിക്കാരനാണ്, അതുകൊണ്ടുതന്നെ സഞ്ജുവിനോട് എനിക്ക് പറയാനുള്ളത് അവൻ തീർച്ചയായും കൂടുതൽ മത്സരങ്ങൾ സംസ്ഥാനത്തിനുവേണ്ടി കളിക്കേണ്ടതുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങിവരുക, ഇവിടെ സ്ഥിരത പുലർത്തുക,” ശ്രീശാന്ത് പറയുന്നു.

“ഐപിഎല്ലിൽ തിളങ്ങിയാൽ ഒരു കളിക്കാരനെ എല്ലാം ലഭിക്കും. പണവും പ്രശസ്തിയും അങ്ങനെ എല്ലാം ലഭിക്കും. എന്നാൽ, കേരള ടീമിനു വേണ്ടി കളിക്കുമ്പോഴാണ് കൂടുതൽ അവസരങ്ങൾ ദേശീയ ടീമിൽ ലഭിക്കുക. ഇഷാൻ കിഷൻ, ഋഷഭ് പന്ത് എന്നിവർ തിരഞ്ഞെടുത്ത മാർഗം സഞ്ജുവും തിരഞ്ഞെടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയും നേടുക എന്ന് മാത്രമല്ല, കേരളത്തെ രഞ്ജി ട്രോഫി ജേതാക്കളാക്കൂ, വിജയ് ഹസാരെ ട്രോഫിയിൽ വിജയത്തിലെത്തിക്കൂ, തീർച്ചയായും മലയാളി താരങ്ങൾക്ക് ദേശീയ ടീമിൽ അവസരം ലഭിക്കും,” ശ്രീശാന്ത് പറഞ്ഞു.