ലേലത്തിൽ ആരും വാങ്ങിയില്ല 😱പാട്ട് പാടി വിഷമം തീർത്ത് ശ്രീശാന്ത് (കാണാം വീഡിയോ )

ഐ‌പി‌എൽ 2022 മെഗാ താരലേലം അവസാനിച്ചപ്പോൾ, വിറ്റഴിക്കപ്പെടാത്ത താരങ്ങളുടെ പട്ടികയിലെ ചില പേരുകൾ ആരാധകർക്ക്‌ വലിയ നിരാശ സമ്മാനിക്കുകയുണ്ടായി. അതിൽ മലയാളി ക്രിക്കറ്റ്‌ ആരാധകർക്ക് ഏറ്റവും നിരാശ സമ്മാനിച്ച പേരാണ് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്തിന്റേത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച ശ്രീശാന്ത്, 50 ലക്ഷമാണ് അടിസ്ഥാന വിലയായി നൽകിയത്.

എന്നാൽ, ഫോമിന്റെ കാര്യത്തിൽ എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യപ്പെടാവുന്ന ഒരു സീനിയർ പേസറെക്കാളും ഇന്ത്യൻ യുവ ബൗളർമാർക്കായി തങ്ങളുടെ ഭീമമായ പണം ചെലവഴിക്കുന്നതാണ് നല്ലതെന്ന് കരുതിയതിനാലാണ് ഫ്രാഞ്ചൈസികൾ ശ്രീശാന്തിൽ താത്പര്യം പ്രകടിപ്പിക്കാതിരുന്നത്. ഇപ്പോൾ എല്ലാ ഫ്രാഞ്ചൈസികളും തന്നെ തഴഞ്ഞതിലുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് മലയാളി പേസർ.

ഒരു പോസിറ്റീവ് സന്ദേശത്തോടൊപ്പം ‘രുക് ജാന നഹിൻ’ എന്ന ഒരു പഴയ ബോളിവുഡ് ഗാനം ആലപിക്കുന്ന വീഡിയോ ആണ് ശ്രീശാന്ത് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. “എല്ലായ്‌പ്പോഴും നന്ദിയുള്ളവനാണ്, എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു… നിങ്ങൾ ഓരോരുത്തരോടും ഒരുപാട് സ്നേഹവും ബഹുമാനവും.: ഓം നമ ശിവായ,” 39 കാരനായ പേസർ വീഡിയോക്കൊപ്പം എഴുതി. നിരവധി ആരാധകരാണ് താരത്തിന് ട്വീറ്റിന് താഴെ ആശ്വാസ വാക്കുകളും, ഭാവിയിലേക്കുള്ള ആശംസകളുമായി എത്തിയത്.

എന്നാൽ, ശ്രീശാന്തിനെ ഒരു ഫ്രാഞ്ചൈസിയും എടുക്കാത്ത സാഹചര്യം വന്നതോടെ, ഒരു വിഭാഗം മലയാളി ആരാധകർ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററും, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് നേരെ തിരിഞ്ഞിരിക്കുകയാണ്. ഒരു സമയത്ത് ഒന്നുമല്ലാതിരുന്ന സഞ്ജുവിനെ പൂർണ്ണ പിന്തുണ നൽകി രാജസ്ഥാനിൽ എത്തിച്ചത് ശ്രീശാന്ത് ആണ് എന്ന കാര്യം സഞ്ജു തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ, ശ്രീക്ക്‌ ഒരു പ്രതിസന്ധി നേരിടുമ്പോൾ സഞ്ജു സഹായിച്ചില്ല എന്നാണ് വിമർശകർ ഉന്നയിക്കുന്ന ആരോപണം.