രണ്ട് ലോകകപ്പിൽ ഹീറോ!!!സൗത്താഫ്രിക്കയിൽ 5 വിക്കെറ്റ് പ്രകടനം 😍ശ്രീയുടെ നേട്ടങ്ങൾ അപൂർവ്വം

ശാന്തകുമാരൻ ശ്രീശാന്ത്, അഥവാ എസ്. ശ്രീശാന്ത്, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ മലയാളി ക്രിക്കറ്റർ. ഇന്ത്യൻ കുപ്പായത്തിൽ 27 ടെസ്റ്റ്‌ മത്സരങ്ങളും, 53 ഏകദിന മത്സരങ്ങളും, 10 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ശ്രീശാന്ത്, തന്റെ കരിയറിൽ നേരിടേണ്ടി വന്ന എല്ലാ അപ്രതീക്ഷിത വെല്ലുവിളികളെയും മറികടന്ന്, താൻ കേൾക്കേണ്ടി വന്ന പഴികൾക്കും ആരോപണങ്ങൾക്കും താൻ ഉത്തരവാദിയല്ല എന്ന് തെളിയിച്ചുകൊണ്ട്, താൻ നിരപരാധിയാണെന്ന് തന്നെ പ്രതിക്കൂട്ടിൽ എത്തിച്ചവരെ കൊണ്ട് തന്നെ പറയിച്ചു കൊണ്ട്, , തന്റെ നേട്ടങ്ങളിൽ അഭിമാനിച്ചുകൊണ്ട് ഇന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു.

ഈ നൂറ്റാണ്ടിൽ ഇന്ത്യ രണ്ട് തവണ ലോക കിരീടം ഉയർത്തിയപ്പോഴും ഈ കോതമംഗലംകാരൻ വലങ്കയ്യൻ ഫാസ്റ്റ് ബൗളർ, ലോകകപ്പിന്റെ ഒരു വശം പിടിക്കാൻ ഉണ്ടായിരുന്നു എന്നത് കേരളത്തിന്റെ ക്രിക്കറ്റ്‌ ചരിത്രത്തിൽ എക്കാലത്തും മായാതെ നിൽക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇന്ന് മലയാളികളുടെ അഭിമാനം രാജ്യങ്ങളുടെ അതിർവരമ്പുകൾ കടത്തി ലോകമെങ്ങും പ്രചരിപ്പിച്ച ശ്രീശാന്ത് ക്രിക്കറ്റിനോട് വിട പറയുമ്പോൾ, അദ്ദേഹത്തിന്റെ ക്രിക്കറ്റ്‌ നേട്ടങ്ങളിലേക്ക് നമുക്കൊന്ന് മുഖം തിരിക്കാം.

2005ൽ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ശ്രീശാന്ത്, 2006-ൽ പാക്കിസ്ഥാനെതിരായ ഹൈ വോൾട്ടേജ് പരമ്പരയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി അഞ്ചാം മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് നേടിയാണ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ശേഷം 2006-ൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയപ്പോൾ, 5 വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് ഇന്ത്യയുടെ വിജയത്തിന് വഴിയൊരുക്കി.

2007 ലെ ഐസിസി ടി20 വേൾഡ് കപ്പിൽ ബൗളിങ്ങിൽ മികച്ച പ്രകടനം അവകാശപ്പെടാനില്ലെങ്കിലും, പാകിസ്ഥാനെതിരെ നടന്ന ഫൈനലിൽ മിസ്ബാ ഉൾ ഹഖിന്റെ ക്യാച്ച് എടുത്ത് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ശ്രീശാന്തിനെ എക്കാലവും ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഓർമ്മിക്കും. 2011-ൽ ഇന്ത്യ ഏകദിന ലോകകപ്പ് ഉയർത്തിയപ്പോഴും, മലയാളികളുടെ ശ്രീ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.