ഡാൻസ് പിന്നിലുള്ള കാരണം എന്താണ് 😱വെളിപ്പെടുത്തി ശ്രീശാന്ത്

ഇന്ത്യ : സൗത്താഫ്രിക്ക ടെസ്റ്റ്‌ പരമ്പരയുടെ പോരാട്ട ചരിത്രം പരിശോധിച്ചാൽ എക്കാലവും ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ ഓർക്കപെടുന്ന താരമാണ് പേസർ ശ്രീശാന്ത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അനേകം മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള ശ്രീ തന്റെ കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്തത് സൗത്താഫ്രിക്കൻ മണ്ണിൽ തന്നെയാണ്.

എന്നിരുന്നാലും, ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രത്യേകിച്ച് മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു നിമിഷമാണ്, 2006-ലെ ജോഹന്നാസ്ബർഗ് ടെസ്റ്റിനിടെ ആന്ദ്രെ നെലിന്റെ ബോൾ ഇന്ത്യയുടെ മലയാളി പേസർ എസ് ശ്രീശാന്ത് സിക്സ് പറത്തിയത്. കളിയുടെ മൂന്നാം ദിവസം, തുടക്കം മുതലേ നെൽ ശ്രീശാന്തിനെ പ്രകോപിതനാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ നെൽ ശ്രീയുടെ അടുത്ത് വന്ന് എന്തോ പറഞ്ഞു, തുടർന്ന് നെൽ എറിഞ്ഞ അടുത്ത പന്ത് മുൻ ഇന്ത്യൻ പേസർ ഒരു സിക്സ് പറത്തുകയും, നൃത്തം ചെയ്ത് ആഘോഷിക്കുകയും ചെയ്തു. ഇപ്പോൾ, മറ്റൊരു ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര വാതിൽക്കൽ നിൽക്കുമ്പോൾ, ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, അന്ന് നെൽ തന്നോട് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീശാന്ത്.

“ഒരുപാട് ആളുകൾക്ക് നെൽ എന്നോട് എന്താണ് പറഞ്ഞതെന്ന് അറിയാൻ ആഗ്രഹമുണ്ടാവും, അദ്ദേഹം എന്നോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ആദ്യ ഇന്നിംഗ്സിൽ ഞാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു, എന്നാൽ, ആന്ദ്രെ നെൽ എനിക്കെതിരെ ഒരു സിക്സ് അടിച്ചിരുന്നു. ശേഷം, ഞാൻ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ, എന്നെ മാനസികമായി തളർത്താൻ വേണ്ടി മാത്രമാണ് അദ്ദേഹം എനിക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്,” ശ്രീശാന്ത് സ്പോർട്സ് കീഡയോട് പറഞ്ഞു.

ശ്രീശാന്തിന്റെ 5/40 എന്ന പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിംഗ്സിൽ 84 റൺസിന് പുറത്താക്കിയത്. തുടർന്ന്, ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ തങ്ങളുടെ കന്നി ടെസ്റ്റ് വിജയം നേടിയപ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ ശ്രീശാന്ത് മൂന്ന് വിക്കറ്റുകൾ കൂടി നേടി. “നെൽ എന്റെ അടുത്ത് വന്ന്, ‘നീ പോരാ’, ‘നിനക്ക് ഒരു നല്ല മനസ്സില്ല, നീ നല്ലവനല്ല’ ‘നിനക്ക് ചുണയില്ല’ തുടങ്ങിയ പരാമർശങ്ങൾ നടത്തിയാണ് എന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നത്. പിന്നെ, ഞാൻ അദ്ദേഹത്തിനെതിരെ സിക്സ്‌ അടിച്ച ശേഷം നടത്തിയ സെലിബ്രേഷൻ, എല്ലാവരും അതിനെ നൃത്തം എന്ന് വിളിക്കുന്നു, അത് എന്തായിരുന്നു എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതൊരു നൃത്തമായിരുന്നില്ല, ഒരു കുതിരസവാരി ആഘോഷമായിരുന്നു,” ശ്രീശാന്ത് പറഞ്ഞു.