സിംഹാസനങ്ങൾ എല്ലാം ഒഴിഞ്ഞ് കോഹ്ലി :ഇനി റൺസ്‌ മഴ പിറക്കുമോ

വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു എന്ന വാർത്തയാണ് ഇന്ന് ഇന്ത്യൻ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് ട്വന്റി 20, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് കോഹ്ലിയുടെ തീരുമാനം. ട്വിറ്ററിലൂടെയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വിവരം കോഹ്ലി പങ്കുവെച്ചത്. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മോശം പ്രകടനത്തോടെ ടീമിൽ ഉടച്ച് വാർക്കുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും കോഹ്ലിയുടെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല .

ദുർബലരായ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാൻ ഉള്ള ടീം ഉണ്ടായിട്ടും , ടീം സെലക്ഷനിലെ പ്രശ്നങ്ങളും മധ്യനിരയുടെ മോശം ഫോമുമാണ് തോൽവിക്ക് കാരണമായി പറയുന്നത്.ഇന്ത്യക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിതന്ന ക്യാപ്റ്റൻ പെട്ടെന്ന് പടിയിറങ്ങുമ്പോൾ ഇത് അൽപം നേരത്തെ ആയി പോയില്ലേ എന്ന് ആരാധകർ ചോദിക്കുന്നു.സച്ചിന്റെ റെക്കോഡുകളെല്ലാം ഭേദിക്കും എന്ന് ലോകം വിധിയെഴുതിയ ക്രിക്കറ്റർ, സെഞ്ചുറികളും അർദ്ധ സെഞ്ചുറികളും മഴ പോലെ പെയ്തിറങ്ങുന്ന ആ മാന്ത്രിക ബാറ്റിന്റെ ഉടമയെ ലോകം അംഗീകരിച്ച് തുടങ്ങി.ആരെങ്കിലും സച്ചിന്റെ റെക്കോർഡുകൾ ഭേദിച്ചാൽ അത് കോഹ്ലിയായിരിക്കും എന്ന് എല്ലാവരും ഉറപ്പിച്ചു. ധോനിക്ക് ശേഷം ടീമിന്റെ ക്യാപ്റ്റൻ പദവി കൂടി തന്നിലേക്കെത്തിയതോടെ ആക്രമണോത്സുകതയുടെ പുതിയ രൂപമാകുകയായിരുന്നു അയാൾ.

ക്രിക്കറ്റ് ലോകം കിംഗ് കോഹ്ലി എന്ന് വിളിച്ച താരം വളരെ വേഗം അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ചുറികൾ പൂർത്തിയാക്കി. സെഞ്ചുറികൾ ശീലിച്ച ബാറ്റ് പെട്ടെന്ന് ഒരു നാൾ നിശബ്ദമായി. രണ്ട് വർഷമായി സെഞ്ചുറികൾ ദാഹിക്കുന്ന സമയത്ത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയിലെ തോൽവി , ട്വന്റി ട്വന്റി ലോകകപ്പിലെ തോൽവി ഒക്കെ വന്നതോടെ വൈറ്റ് ബോൾ ക്യാപ്റ്റൻസി ഒഴിഞ്ഞു. ഇപ്പോഴിതാ ടെസ്റ്റ് ക്യാപ്റ്റൻസിയും ഒഴിഞ്ഞ് ഭാരങ്ങൾ എല്ലാം ഇറക്കി ടീമിൽ ഒരു ബാറ്റ്സ്മാനായി മാത്രം തുടരാൻ കോഹ്ലി ആഗ്രഹിക്കുന്നു.

രാജി കുറിപ്പിൽ താരം പറയുന്നത് ഇങ്ങനെ – ഏഴ് വര്‍ഷക്കാലം ഇന്ത്യന്‍ ടീമിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ സാധിച്ചെന്ന വിശ്വാസത്തോടെയാണ് മടങ്ങുന്നത്. തികഞ്ഞ സത്യസന്ധതയോടെ ജോലി ചെയ്തു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ചില ഘട്ടങ്ങളില്‍ നിരവധി ഉയര്‍ച്ചകളും ചില താഴ്ചകളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും പരിശ്രമത്തിന്റെ കുറവുണ്ടായിട്ടില്ലെന്നണ് വിശ്വാസം. കഴിവിന്റെ 120 ശതമാനം നല്‍കിയാണ് പ്രവര്‍ത്തിച്ചത് എന്ന് വിശ്വസിക്കുന്നു. എന്നില്‍ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദി . ബിസിസിഐ, രവി ശാസ്ത്രി, മഹേന്ദ്ര സിങ് ധോണി എന്നിവർക്ക് പ്രത്യേകം നന്ദി .

പണ്ട് സച്ചിന്‍ ഒഴിഞ്ഞ സിംഹാസനം കോലി ഏറ്റെടുത്തപ്പോൾ ഇന്ത്യൻ ആരാധകർ സന്തോഷിച്ചു. ദൈവം ഒഴിഞ്ഞുവെച്ച സിംഹാസനം അവനോളം പോണ ഒരുത്തൻ ഏറ്റെടുത്തു. സച്ചിൻ ഒരു വികാരമായിരുന്നെങ്കില്‍ കോഹ്‌ലി നല്‍കിയത് പ്രതീക്ഷയാണ്. കൈവിട്ടുപോയിരുന്ന നിരവധി മത്സരങ്ങള്‍ അദ്ദേഹം തിരിച്ചുപിടിച്ച കാഴ്ച ക്രിക്കറ്റ് ലോകം ഇതിനോടകം എത്രയോ തവണ കണ്ടുകഴിഞ്ഞിരിക്കുന്നു. ആക്രമണോത്സുകത ശരീര ഭാഷയിലും കേളീശൈലിയിലും വെച്ചു പുലര്‍ത്തുന്ന കോഹ്‌ലി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് വീശുന്നതാണ് ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി.

കരിയറിന്റെ മോശം കാലഘട്ടത്തിലും ലോകോത്തര താരങ്ങൾ പലരെയുംകാൾ റൺസ് നേടാൻ കോലിക്ക് സാധിക്കുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും അയാളുടെ സാന്നിധ്യം ഒരുപാട് വർഷങ്ങൾ ടീമിന് ആവശ്യമാണ്, തന്നോളം മികച്ച പകരക്കാരൻ വരുന്നത് വരെ അയാൾ ഇവിടെ ഉണ്ടാകും..