30 മീറ്റർ ഓടി വായുവിൽ പറന്നുയർന്ന് ‘കിവി’ ; ഐപിഎല്ലിലെ തകർപ്പൻ ക്യാച്ചെടുത്ത് ടിം സൗത്തീ | IPL 2022

വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന പഞ്ചാബ് കിംഗ്സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ മത്സരത്തിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ന്യൂസിലാൻഡ് പേസർ ടിം സൗത്തി മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ആദ്യ ഓവറുകളിൽ തകർത്തടിച്ച് അതിവേഗം സ്കോർ ബോർഡ്‌ ചലിപ്പിച്ചെങ്കിലും, കെകെആർ ബൗളർമാർ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു.

മത്സരത്തിൽ, 4 ഓവർ ബോൾ ചെയ്ത സൗത്തി, 36 റൺസ്‌ വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ മായങ്ക് അഗർവാൾ (1) നെ നഷ്ടമായ പഞ്ചാബിന് ഓപ്പണർ ശിഖർ ധവാനിൽ വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. എന്നാൽ, 15 ബോളിൽ 16 റൺസ് എടുത്ത് നിന്നിരുന്ന ധവാനെ വിക്കറ്റ് കീപ്പർ സാം ബില്ലിംഗ്സിന്റെ കൈകളിലെത്തിച്ച് ടിം സൗത്തി പഞ്ചാബിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയും കെകെആറിന് ബ്രേക്ക്‌ ത്രൂ നൽകുകയും ചെയ്തു.ശേഷം, തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ പഞ്ചാബ് 78/4 എന്ന നിലയിലേക്ക് ഒതുങ്ങിയപ്പോൾ

പഞ്ചാബിന്റെ പ്രതീക്ഷകൾ ചുമലിലേറ്റി ക്രീസിലെത്തിയ ബാറ്ററാണ് ഷാരൂഖ് ഖാൻ. എന്ന, തമിഴ്നാട് ബാറ്ററെ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് മുന്നേ ഡക്കിന് പുറത്താക്കിയാണ് സൗത്തി പഞ്ചാബിന് കനത്ത തിരിച്ചടി നൽകിയത്. 5 പന്തിൽ റൺസൊന്നും വടുക്കാതിരുന്ന ഷാരൂഖ് ഖാനെ നിതീഷ് രാണയുടെ കൈകളിൽ എത്തിച്ചാണ് സൗത്തി മടക്കിയത്.

ഗംഭീരമായ ഒരു സ്പെൽ ബൗൾ ചെയ്യുന്നതിനു പുറമേ, സൗത്തി ഫീൽഡിങ്ങിലും വലിയ സംഭവനകളാണ് കെകെആറിന് നൽകിയത്. പഞ്ചാബ് കിംഗ്സിന്റെ വാലറ്റത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്ന കഗിസോ റബാഡയെ പുറത്താക്കിയത്, സൗത്തിയുടെ ഫീൽഡിലെ മാന്ത്രിക മികവിലായിരുന്നു. റസ്സൽ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ റബാഡയെ തകർപ്പൻ ക്യാച്ചി ലൂടെ സൗത്തി പുറത്താക്കുകയായിരുന്നു. ക്യാച്ച് പിടിക്കാൻ മൂന്ന് ഫീൽഡർമാർ ഒത്തുചേർന്നെങ്കിലും കിവീസ് പേസർ മുഴുനീള ഡൈവ് ചെയ്ത് ക്യാച്ച് പൂർത്തിയാക്കി