ഇന്ത്യ കൊടുക്കുന്നത് എട്ടിന്റെ പണി 😳😳സൗത്താഫ്രിക്കക്ക് മുൻപിൽ വമ്പൻ നാണക്കേട്

ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലെ പരാജയത്തോടെ ദക്ഷിണാഫ്രിക്കയുടെ അടുത്തവർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് യോഗ്യത തുലാസിൽ ആയിരിക്കുകയാണ്. ഏകദിന വേൾഡ് കപ്പ് സൂപ്പർ ലീഗ് (2021-2023) പോയിന്റ് പട്ടിക അടിസ്ഥാനമാക്കിയാണ് അടുത്തവർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിലേക്കുള്ള ടീമുകളുടെ യോഗ്യത നിശ്ചയിക്കുക. വേൾഡ് കപ്പ് സൂപ്പർ ലീഗ് പോയിന്റ് പട്ടികയിലെ ആദ്യ 10 സ്ഥാനക്കാർക്ക് ആണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക.

നിലവിൽ, 14 കളികളിൽ നിന്ന് 5 ജയങ്ങൾ മാത്രമുള്ള ദക്ഷിണാഫ്രിക്ക 59 പോയിന്റുമായി പോയിന്റ് പട്ടികയിൽ 11-ാം സ്ഥാനത്താണ്. 18 കളികളിൽ നിന്ന് 12 ജയങ്ങളുമായി 125 പോയിന്റ് ഉള്ള ഇംഗ്ലണ്ട് ആണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ. 16 കളികളിൽ നിന്ന് 11 ജയങ്ങൾ സഹിതം 109 പോയിന്റ് ഉള്ള ഇന്ത്യ നിലവിൽ ആറാം സ്ഥാനത്താണ്. എന്നിരുന്നാലും, ആതിഥേയർ എന്ന നിലക്ക് ഇന്ത്യയ്ക്ക് ലോകകപ്പ് യോഗ്യത ഇപ്പോഴേ ഉറപ്പാണ്.

അതേസമയം, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ബോർഡ് ഐപിഎൽ മാതൃകയിലുള്ള ഫ്രാഞ്ചൈസി ടി20 ലീഗ് നടത്താൻ നിശ്ചയിച്ചതിനെ തുടർന്ന്, അടുത്തമാസം നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറിയിരുന്നു. ഈ സാഹചര്യത്തിൽ ഐസിസി 30 പോയിന്റ് ഓസ്ട്രേലിയയിലേക്ക് നൽകുകയും ചെയ്തു. ഈ പരമ്പരയിൽ നിന്ന് പിന്മാറിയതാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

ലോകകപ്പ് യോഗ്യത മത്സരങ്ങൾ പൂർത്തിയാകുന്നതിനു മുൻപ്, ഇന്ത്യക്കെതിരായ അവശേഷിക്കുന്ന ഒരു മത്സരവും, ഇംഗ്ലണ്ട്, നെതർലൻഡ്സ്‌ ടീമുകൾക്കെതിരായ ഏകദിന പരമ്പരയും ആണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇനി ബാക്കിയുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചാലും, മറ്റു ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിച്ച് ആയിരിക്കും ദക്ഷിണാഫ്രിക്കയ്ക്ക് നേരിട്ടുള്ള യോഗ്യത ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം ദക്ഷിണാഫ്രിക്കയ്ക്ക് യോഗ്യത മത്സരങ്ങൾ കളിക്കേണ്ടിവരും.