സൗരവ് ഗാംഗുലി പുതിയ ചുമതല ഏൽക്കാൻ ഒരുങ്ങുന്നു, ഐപിഎല്ലിലേക്കുള്ള പണി തുടങ്ങി ഗാംഗുലി
ബിസിസിഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറിയതിന് പിന്നാലെ, പുതിയ സ്ഥാനം കണ്ടെത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. അടുത്തിടെ, ഐപിഎൽ ഫ്രാഞ്ചയ്സിയായ ഡൽഹി ക്യാപിറ്റൽസ് പുറത്തുവിട്ട അവരുടെ പരിശീലന ചിത്രങ്ങളിൽ സൗരവ് ഗാംഗുലി ഉണ്ടായിരുന്നു. പൃഥി ഷാ, മനീഷ് പാണ്ഡേ, ഖലീൽ അഹ്‌മദ് തുടങ്ങിയ താരങ്ങൾ പങ്കെടുത്ത പരിശീലന സെഷൻ, സൗരവ് ഗാംഗുലിയാണ് നയിച്ചത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഡൽഹി ക്യാപ്റ്റൽസിന്റെ ക്രിക്കറ്റ് ഡയറക്ടർ ആയി സൗരവ് ഗാംഗുലി ചുമതലയേൽക്കാൻ ഒരുങ്ങുകയാണ്. മികച്ച ടീം ഉണ്ടാകാറുണ്ടെങ്കിലും ഇതുവരെ ഐപിഎൽ ട്രോഫി ഉയർത്താൻ ഡൽഹിക്ക് സാധിച്ചിട്ടില്ല. കിരീട വരൾച്ച അവസാനിപ്പിക്കുന്നതിനായി ഡൽഹി മാനേജ്മെന്റ് തലത്തിലും വലിയ അഴിച്ചു പണി നടത്തുന്നതിന് ഭാഗമായിയാണ് സൗരവ് ഗാംഗുലിയേ ടീം ഡയറക്ടർ ആയി കൊണ്ടുവരുന്നത് എന്നാണ് സൂചന.

ക്യാപ്റ്റൻ ഋഷഭ് പന്ത് ഈ സീസണിൽ ലഭ്യമാവില്ല എന്ന് ഉറപ്പായതിനാൽ, ഓസ്ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണറെ ഡൽഹി കഴിഞ്ഞ ദിവസം ക്യാപ്റ്റനായി അനൗൺസ് ചെയ്തിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെ അവരുടെ ആദ്യ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ആണ് ഡേവിഡ് വാർണർ. ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേൽ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
രഞ്ജി ട്രോഫി ചാമ്പ്യന്മാരായ സൗരാഷ്ട്ര ടീമിൽ അംഗമായിരുന്ന ചേതൻ ശർമ്മയാണ് ഡൽഹി ക്യാപിറ്റൽസിന്റെ കഴിഞ്ഞ പരിശീലന സെഷനിൽ മികച്ച രീതിയിൽ ബൗൾ ചെയ്തത്. ബാറ്റർമാരിൽ പ്രിത്വി ഷാ മികച്ച പ്രകടനം നടത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഋഷഭ് പന്തിന്റെ അഭാവം ടീമിന് ബാധിക്കാതിരിക്കണമെങ്കിൽ, പ്രിത്വി ഷാ, മനീഷ് പാണ്ഡേ തുടങ്ങിയ ബാറ്റമാർ എല്ലാം മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. എന്തുതന്നെയായാലും, ഇത്തവണയും ഒരുപിടി യുവ താരങ്ങളിൽ തന്നെയാണ് ഡൽഹി പ്രതീക്ഷിവെക്കുന്നത്.