ബാറ്റിനോട് മാപ്പ് പറഞ്ഞ് പന്ത് ; ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ മത്സരത്തിനിടെ നടന്ന രസകരമായ സംഭവം ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ചെറിയ സ്കോറിന് പുറത്താകും എന്ന ഘട്ടം വന്നപ്പോൾ, ഇന്ത്യൻ വിക്കറ്റ് കീപ്പർ – ബാറ്റർ ഋഷഭ് പന്ത് മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയും, ടെസ്റ്റ്‌ ഫോർമാറ്റിൽ തന്റെ നാലാമത്തെ സെഞ്ച്വറി കുറിക്കുകയും ചെയ്ത് ഇന്ത്യയെ ബേധപ്പെട്ട നിലയിൽ എത്തിച്ചു. കളിയുടെ മൂന്നാം ദിനം, ട്രാക്ക് നിരന്തരം പേസർമാർക്ക് അനുകൂലമായി വന്നതോടെ മറ്റ് ഇന്ത്യൻ ബാറ്റർമാർക്കൊന്നും ടീമിനായി കാര്യമായ സംഭാവനകൾ ചെയ്യാൻ സാധിച്ചില്ല.

എന്നാൽ, ഒരുതലക്കൽ വിക്കറ്റുകൾ കൊഴിഞ്ഞു പോകുമ്പോഴും, പന്ത് ക്രീസിൽ നിലയുറപ്പിക്കുകയും, 6 ഫോറും 4 സിക്സും സഹിതം 139 പന്തുകളിൽ 71.94 സ്ട്രൈക്ക് റേറ്റിൽ 100 റൺസ് എടുത്ത് പുറത്താകാതെ നിന്നു. ഇതോടെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 198 റൺസ് കണ്ടെത്തുകയും, ദക്ഷിണാഫ്രിക്കക്കെതിരെ 212 റൺസ് വിജയലക്ഷ്യം ഉയർത്തുകയും ചെയ്തു. എന്നാൽ, മത്സരത്തിനിടെ സംഭവിച്ച പന്തിന്റെ ചില പ്രവർത്തികളും ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചാവിഷയം ആയിരിക്കുകയാണ്.

മത്സരത്തിന്റെ 60-ാം ഓവറിൽ ഡുവാൻ ഒലിവിറിന്റെ ബോൾ നേരിട്ട പന്തിന്റെ കൈകളിൽ നിന്ന് ബാറ്റ് നിയന്ത്രണം വിട്ട് വഴുതി വീഴുകയായിരുന്നു. എന്നാൽ, ഉടനെ ഋഷഭ് തന്റെ ബാറ്റ് കൈകളിൽ എടുത്ത്, ബാറ്റിനോട് മാപ്പ് പറയുകയും, ബാറ്റിൽ ഉമ്മ വെക്കുകയും ചെയ്തു. പന്തിന്റെ ഈ പ്രവർത്തി മുഴുവൻ ക്രിക്കറ്റ്‌ ആരാധകരുടെ ഹൃദയങ്ങളെയും ആകർഷിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പന്തിനെ പ്രശംസിച്ചും ആരാധകർ എത്തി.

അതേസമയം, 24-കാരന്റെ മികവിൽ 212 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യക്കെതിരെ, രണ്ടാം ഇന്നിങ്സിൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ 101/2 എന്ന നിലയിലാണ്. ഐഡൻ മർക്രം (16), ഡീൻ എൽഗർ (30) എന്നിവരുടെ വിക്കറ്റുകൾ യഥാക്രമം ഷമിയും ബുംറയും വീഴ്ത്തിയപ്പോൾ, കീഗൻ പീറ്റഴ്സൺ (48*) ക്രീസിൽ തുടരുകയാണ്.