സൂപ്പർ ജമ്പർ , ജിഷാദ് .

ഒരു കൂറ്റന്‍‍ തിരമാല? പോലെ വായുവില്‍ പറന്നുയര്‍ന്ന് ഭൂമിയിലേക്ക് ആഞ്ഞടിക്കുന്ന സുനാമി പോലെ ആര്‍ത്തലച്ച് എതിര്‍ പാളയത്തില്‍ തൃശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട്?? തീര്‍ത്ത് കളിയഴകിന്‍റെ മാസ്മരിക സൗന്ദര്യം വോളി പ്രേമികളില്‍ വിരുന്നൊരുക്കിയ തൃശൂരിന്‍റെ.. മണപ്പുറത്തിന്‍റെ.. സൂപ്പര്‍ ജംപ് ഹിറ്റര്‍ ജിഷാദ്.

ജിഷാദിനെ ഓര്‍ക്കുമ്പോള്‍ കളിയാസ്വാദകരില്‍ ആദ്യം ഓടിയെത്തുന്നത് കൈവിട്ട പോയ നൂല്‍പ്പട്ടം മേലോട്ട് പൊങ്ങുന്ന പോലെ തന്‍റെ മനസും ശരീരവും ഒരു പന്തിലേക്ക് ആവാഹിച്ച് നെറ്റിന് മുകളിലേക്ക് ജംപ് ചെയ്യുന്ന അതിസുന്ദര കാഴ്ചയായിരിക്കും..തന്‍റെ ഉയരക്കുറവ് സൂപ്പര്‍ ഡ്യൂപ്പര്‍ ജംപിലൂടെ മറികടന്ന് മിന്നിതിളങ്ങിയ താരം…ക്വിക്ക് ബോള്‍ അറ്റാക്കിങ്ങില്‍ സമര്‍ത്ഥന്‍..മികച്ച സ്റ്റാന്‍ഡിംങ്ങ് ജംപ്, ഹൈബോളുകള്‍ ഏറ്റവും ഉയര്‍ന്ന റീച്ചില്‍ പന്തുമായി കണക്ട് ചെയ്യുവാനുള്ള പാടവം..തീ പാറും? ജംപിങ് സര്‍വ്,ഏത് പ്രതിരോധക്കോട്ടയും തച്ചു തകര്‍ത്ത് തരിപ്പണമാക്കി എതിര്‍ക്കോര്‍ട്ടില്‍ ഇടിമുഴക്കം സൃഷ്ടിക്കുന്ന ആക്രമണവീര്യം… എന്നിവയൊക്കെ കളിക്കാരുടെ ഇടയില്‍ ജംപര്‍ എന്ന് വിളിപേരുള്ള ജിഷാദിന്‍റെ കളിമികവിന്‍റെ പ്രത്യേകതകളാണ്…

തികഞ്ഞ ഒരു വോളി കുടുംബത്തില്‍ നിന്നുള്ള ഒരംഗമാണ് ജിഷാദ് ഉപ്പയും സഹോദരങ്ങളും വോളിബോള്‍ കളിക്കാരാണ്..തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിക്കടുത്ത് കഴിമ്പ്രം ആണ് സ്വദേശം..നന്നേ ചെറുപ്പത്തിലേ വോളിബോള്‍ തട്ടീ തുടങ്ങിയ ജിഷാദ് കഴിമ്പ്രം സ്റ്റാര്‍ ക്ളബിലൂടെയാണ് കളിച്ചു വന്നത്..Vpmsnhss കഴിമ്പ്രം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.വയനാട് വെച്ചു നടന്ന വെച്ച് നടന്ന സ്റ്റേറ്റ് സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റം..ആ വര്‍ഷം തൃശൂര്‍ ജില്ല സംസ്ഥാന ജേതാക്കളായി..
ചെന്ത്രാപ്പിന്നി ഹൈസ്ക്കൂളിലായിരുന്നു +1.+2 പഠനം..സുധീര്‍ സാറിന്‍റെയും സിജില്‍ സാറിന്‍റെയും ശിക്ഷണത്തില്‍ ആ കൊല്ലം അവിടെ പുതിയൊരു വോളിബോള്‍ ടീം ഉണ്ടാക്കി.അന്നത്തെ ഉപജില്ല മത്സരങ്ങള്‍,ഇന്‍റര്‍സ്കൂള്‍ ചാമ്പ്യന്‍ഷിപ്പുകള്‍,തുടങ്ങി സംസ്ഥാന തലം വരെയുള്ള മത്സരങ്ങളില്‍ ജിഷാദും കൂട്ടരും തിളങ്ങിയപ്പോള്‍ ചെന്ത്രാപ്പിന്നി ഹൈസ്ക്കൂളും വോളി പെരുമ കൊണ്ട് വെട്ടി തിളങ്ങി✨ തന്നെ നിന്നു..

അതേ വര്‍ഷം കേരളത്തില്‍(കോഴിക്കോട്) വെച്ചു നടന്ന നാഷ്ണല്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ജഴ്സിയണിഞ്ഞു..അന്ന് കേരളം ദേശീയ ചാമ്പ്യന്‍മാരാകുകയും ചെയ്തു..അതിനടുത്ത വര്‍ഷവും കേരള സ്റ്റേറ്റ് സ്കൂള്‍ ടീമിലുണ്ടായിരുന്ന ജിഷാദ് നായകന്‍റെ വേഷത്തിലായിരുന്നു കളത്തിലിറങ്ങിയത്..
പിന്നീട് ഡിഗ്രി പഠനത്തിനായി M.A കോളേജ് കോതമംഗലത്ത് ചേര്‍ന്ന ജിഷാദ് തന്‍റെ നിധിശേഖരത്തിലെ വീര്യം കൂടിയ കരിമരുന്നുകള്‍ അവിടെയും പ്രയോഗിച്ചപ്പോള്‍ ആദ്യ വര്‍ഷം തന്നെ തന്‍റെ വലിയ ആഗ്രഹമായിരുന്ന എം.ജി യൂണിവേഴ്സിറ്റി ടീമിലേക്ക് സെലക്ഷന്‍ കിട്ടുക എന്ന ദൗത്യവും നിറവേറ്റി..മാത്യൂസ് ജേക്കബ് സാറായിരുന്നു അന്നത്തെ കോച്ച്..രണ്ടാം വര്‍ഷം എം.ജി യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ MA കോളേജ് ചാമ്പ്യന്‍മാരാകുകയും വീണ്ടും യൂണിവേഴ്സിറ്റി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു..

പിന്നീട് വടകരയില്‍ വെച്ച് നടന്ന യൂത്ത് നാഷ്ണല്‍ ചാമ്പ്യന്‍ഷിപ്പിലും കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴച്ചവെക്കാന്‍ ജിഷാദിനു കഴിഞ്ഞു..ജൂനിയര്‍ വിഭാഗത്തിലും ബീച്ച് വോളിയിലും കേരളത്തിനു വേണ്ടി ജഴ്സിയണിഞ്ഞിട്ടുള്ള ജിഷാദ് മുത്തൂറ്റിലും ഒരു വര്‍ഷത്തോളം കളിച്ചു..ഒരുപക്ഷേ തന്‍റെ ഉയരക്കുറവിന്‍റെ പോരായ്മ കൂടിയില്ലായിരുന്നുവെന്‍കില്‍ സീനിയര്‍ കേരള ടീമിനും അതിനുമപ്പുറവും കളിക്കാന്‍ ഈ മണപ്പുറത്തുകാരനു സാധിച്ചേനെ..നിലവില്‍ ദുബായ് ഡ്യൂട്ടി ഫ്രീ ക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ജിഷാദ് 6 വര്‍ഷമായി ഡ്യൂട്ടി ഫ്രീയില്‍ തന്നെ ജോലി ചെയ്തു വരികയാണ്…
പ്രവാസലോകത്തും വോളിബോളിന്‍റെ വിസ്മയ കാഴ്ച്ചകള്‍ സമ്മാനിക്കുന്ന ജിഷാദിന് വോളിലൈവിന്‍റെ
എല്ലാവിധ ഭാവുകങ്ങളും??
മെഹ്താഫ്
വോളിലൈവ്.