കേരളത്തിന്റെ കപിൽ ദേവ്!ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ മാൻ ഓഫ് ദി മാച്ച് ജേതാവ്😱പക്ഷേ കരിയറിൽ സംഭവിച്ചത്
കേരള ക്രിക്കറ്റ് ടീമിന് വേണ്ടി ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടിയ ബൗളർ ആരാണ് എന്ന് ചോദിക്കുമ്പോൾ, പലരും ഒരു നിമിഷം പോലും ചിന്തിക്കാതെ ഒരേ സ്വരത്തിൽ പറയും എസ് ശ്രീശാന്ത്. കാരണം, ഇന്നത്തെ ക്രിക്കറ്റ് പ്രേക്ഷകർക്ക് കേരളത്തിൽ നിന്ന് വളർന്നുവന്ന കളിക്കാരുടെ പട്ടികയിൽ വളരെ കുറച്ച് താരങ്ങളുടെ പേര് മാത്രമെ അറിയുകയൊള്ളു. എന്നാൽ, കേരള ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നുവരെ ഏറ്റവും വേഗതയേറിയ 100 വിക്കറ്റ് നേട്ടം എന്ന റെക്കോർഡ്, കേരളം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സോണി ചെറുവത്തൂരിന്റെ പേരിലാണ്.
2000-ങ്ങളിൽ മാധ്യമ തലക്കെട്ടുകളിൽ നിറഞ്ഞു നിന്നിരുന്ന ‘കേരളത്തിന്റെ കപിൽ’, അണ്ടർ-22 ക്രിക്കറ്റിലൂടെയാണ് കേരള ക്രിക്കറ്റിൽ ശ്രദ്ധ നേടുന്നത്. 120/8 എന്ന് കേരളത്തിന്റെ സ്കോർ ബോർഡിൽ എഴുതികാണിച്ച മത്സരത്തിൽ, 10-ാം വിക്കറ്റിൽ 80 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച് ടീമിനെ 200 കടത്തിയ സോണിയുടെ ബാറ്റിംഗ് പ്രകടനം 90-കളുടെ അവസാനത്തിൽ ക്രിക്കറ്റ് ആസ്വദിച്ചിരുന്നവർ ആരും മറക്കാൻ ഇടയില്ല.കേരളം ക്രിക്കറ്റിന് പറ്റിയ മണ്ണല്ല എന്ന് മലയാളികൾ തന്നെ കരുതിയിരുന്ന കാലത്ത്, തന്റെ ആഗ്രഹം മുറുകെ പിടിച്ച സോണി, പ്രഗത്ഭനായ കോച്ച് പി. ബാലചന്ദ്രന്റെ കീഴിൽ പരിശീലനം നടത്തുകയും, തന്റെ പരിശ്രമത്തിന്റെ ഫലമായി 2003 നവംബർ 15-ന് തന്റെ 25-ാം വയസ്സിൽ രഞ്ജി ട്രോഫിയിൽ കേരള ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

എന്നാൽ, ടീമിൽ തന്റെ സ്‌ഥാനം ഉറപ്പിക്കാൻ, സോണിക്ക് 2006-07 സീസൺ വരെ കാത്തിരിക്കേണ്ടി വന്നു. പിന്നീടുള്ള കുറച്ച് വർഷങ്ങൾ സോണിയുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഓർമകൾ സമ്മാനിച്ച വർഷങ്ങളായിരുന്നു.2007-ൽ കേരള ടീമിനായി വെറും 8 മത്സരങ്ങൾ മാത്രം കളിച്ചു പരിചയമുള്ള സോണിയെ കെസിഎ കേരള ടീമിന്റെ ക്യാപ്റ്റനായി നിയോഗിച്ചു. തുടർന്ന്, ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനം നടത്തിയ സോണി, എസ് ശ്രീശാന്തിന് ശേഷം കേരളത്തിനായി ഹാറ്റ്ട്രിക്ക് നേടുന്ന രണ്ടാമത്തെ താരമായി. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ ബിസിസിഐ ആദ്യമായി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം വെച്ചപ്പോൾ,

അത് ആദ്യമായി ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച താരവും സോണിയാണ്. താൻ 100 സെഞ്ച്വറി നേടിയാലും, തന്റെ ഹൃദയം എപ്പോഴും ബൗളിംഗിനൊപ്പമാണ് എന്ന് സോണി തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും, മലയാളികൾക്ക് സോണി ചെറുവത്തൂർ കേരളം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും കേരളത്തെ വിജയത്തിലേക്ക് നയിച്ചിരുന്ന, കേരളത്തിന്റെ സ്വന്തം കപിൽ ദേവ്…!