‘ഭാവി കപിൽ ദേവ്’ എന്ന് വിശേഷിക്കപ്പെട്ട ഇന്ത്യൻ ഓൾറൗണ്ടർക്ക് എന്തുപറ്റി😮😮അത്ഭുത താരത്തിന് പിന്നീട് സംഭവിച്ചത്

റിതീന്ദർ സോധി, ഒരുപക്ഷെ ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും സമൃദ്ധമായ കഴിവുള്ള ക്രിക്കറ്റ്‌ താരമെന്നൊന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ, തീക്ഷ്‌ണതയുള്ള പോരാട്ടവീര്യവും കഠിനാധ്വാനിയായ ഒരു മനോഭാവവും ഉപയോഗിച്ച് അദ്ദേഹം ആ പോരായ്മ നികത്തുന്നു. ഹാർഡ് ഹിറ്റിംഗ് ബാറ്റ്സ്മാൻ, അവസരത്തിനൊത്ത് പന്തെറിയുന്ന ഒരു മീഡിയം പേസർ, ഹൈപ്പർ ആക്റ്റീവ് ഫീൽഡർ എന്നിങ്ങനെ സോധിയുടെ കഴിവിനെ വേർത്തിരിച്ച് പരിശോധിച്ചാൽ, ഒരു കാര്യം തറപ്പിച്ച് പറയാം അയാൾ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാവേണ്ട താരകമായിരുന്നു.

1996 അണ്ടർ-15 ലോകകപ്പ് ഇന്ത്യയിലെത്തിച്ച ഇന്ത്യൻ സംഘത്തിന്റെ എല്ലാ അർത്ഥത്തിലുമുള്ള നായകനായിരുന്നു പഞ്ചാബുകാരനായ റിതീന്ദർ സോധി. കാരണം, ക്യാപ്റ്റൻ എന്ന വിശേഷണം കേവലം പദവിയിൽ ഒതുക്കാതെ, ടീമിന്റെ സമ്പൂർണ്ണ മേഖലയിലും അദ്ദേഹം തിളങ്ങി. ഫൈനലിൽ പാകിസ്താനെതിരെ ബാറ്റിംഗിൽ 82 റൺസും ബൗളിംഗിൽ 3 വിക്കറ്റും വീഴ്ത്തിയ സോധി ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയെന്ന് മാത്രമല്ല, ടൂർണമെന്റിലാകെ 200 റൺസെടുത്ത് ടോപ് സ്‌കോറർമാരുടെ പട്ടികയിൽ മൂന്നാമനും, 16 വിക്കറ്റുകൾ വീഴ്ത്തി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനും ആയതോടെ, ടൂർണമെന്റിലെ മികച്ച താരമായും ഐസിസി സോധിയെ തിരഞ്ഞെടുത്തു.

അതോടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സോധി, അദ്ദേഹത്തിന് 16 വയസ്സ് പ്രായമുള്ളപ്പോൾ, അച്ഛൻ മഹേഷ് ഇന്ദർ സിങ്ങിന്റെ പാത പിന്തുടർന്ന് രഞ്ജി ട്രോഫിയിൽ പഞ്ചാബിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. തുടർന്ന്, 2000 ജനുവരിയിൽ ശ്രീലങ്കയിൽ നടന്ന അണ്ടർ-19 ടീമിന്റെ വൈസ് ക്യാപ്റ്റനായി എത്തിയ സോധി, ഇന്ത്യയിലേക്ക് വീണ്ടുമൊരു ലോകകപ്പ് എത്തിയപ്പോൾ, ഒരിക്കൽ കൂടി ഫൈനൽ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആവുകയും ചെയ്തു.

അതോടെ, ഇന്ത്യൻ ടീമിലെത്താൻ സോധിക്ക്‌ അധികനാൾ കാത്തിരിക്കേണ്ടി വന്നില്ല. 2000 ഡിസംബറിൽ നടന്ന സിംബാവേക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് കോൾ-അപ്പ്‌ ലഭിച്ച സോധി, പരമ്പരയിലെ അഞ്ച് ഏകദിനങ്ങളിൽ നാലിലും കളിച്ചു. ഭാവിയിൽ ഇന്ത്യയുടെ ആറാം നമ്പറിൽ സ്ഥിരസാന്നിധ്യമാവും എന്നും, കപിൽ ദേവിന്റെ പകരക്കാരനെ ഇന്ത്യ കണ്ടെത്തിയെന്നുമൊക്കെ മാധ്യമങ്ങൾ സോധിയെ പുകഴ്ത്തിയെങ്കിലും, തുടർച്ചയായ പരിക്കും മോശം ഫോമും 2002-ൽ ഇന്ത്യൻ ടീമിൽ നിന്ന് സോധി പിന്നീടൊരിക്കലും തിരിച്ചുവരാൻ സാധിക്കാത്ത താരത്തിൽ പുറത്തുപോകാൻ കാരണമായി.