കോഹ്ലി തീരുമാനിച്ചിറങ്ങിയാൽ, ആർക്കും അവനെ തടയാൻ കഴിയില്ല ; എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ താരം

തുടർച്ചയായി പരാജയം രുചിച്ച ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം, ടീം ഇന്ത്യ ഫെബ്രുവരി 6 മുതൽ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഹോം പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. പരിക്കിൽ നിന്ന് മോചിതനായ രോഹിത് ശർമ്മ പരിമിത ഓവർ ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്തും. എന്നാൽ, വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ രണ്ടാം ഏകദിനം മുതൽ മാത്രമേ ലഭ്യമാവുകയൊള്ളു.

എന്നിരുന്നാലും, അത് ഇന്ത്യക്ക് ആദ്യ മത്സരത്തിൽ തിരിച്ചടി ആവില്ല എന്നും, ഇന്ത്യയുടെ ഒന്നാം നമ്പർ ബാറ്റർ വിരാട് കോഹ്‌ലിയുടെ പ്രകടനം കാണാൻ രാജ്യം മുഴുവൻ കാത്തിരിക്കുകയാണ് എന്നും മുൻ ഇന്ത്യൻ ഇന്റർനാഷണൽ റീതീന്ദർ സിംഗ് സോധി പറഞ്ഞു. ലോകകപ്പുകൾ ഉൾപ്പെടെ നിരവധി പ്രധാന ടൂർണമെന്റുകൾ വരാനിരിക്കുന്നു, ദേശീയ ടീമിലേക്ക് കോഹ്‌ലി കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സമയമാണിത് എന്ന് സോധി പറഞ്ഞു.

“കുറച്ചു കാലം മുമ്പ് വരെ, അദ്ദേഹം 3 ഫോർമാറ്റുകളിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഇപ്പോൾ, അദ്ദേഹം ഒരു ഫോർമാറ്റിലും ക്യാപ്റ്റനല്ല. ഇപ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു ബാറ്ററാണ് അദ്ദേഹം. വിരാട് കോഹ്‌ലി എന്ന ചാമ്പ്യൻ ബാറ്റർ വീണ്ടും പഴയ പ്രതാപത്തിൽ ടീമിൽ തിരിച്ചെത്താൻ രാജ്യം ആഗ്രഹിക്കുന്നു. ലോകകപ്പുകൾ ഉൾപ്പെടെ നിരവധി സുപ്രധാന ടൂർണമെന്റുകൾ നമുക്ക് വരാനുണ്ട്, അതിൽ വിരാട് സംഭാവന നൽകേണ്ടത് പ്രധാനമാണ്,” സോധി ഇന്ത്യ ന്യൂസിനോട് പറഞ്ഞു.

ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റർ, കച്ചകെട്ടി ഇറങ്ങിയാൽ, അവിടെ എന്ത് സംഭവിക്കുമെന്ന് എതിർ ടീമുകൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് സോധി മുന്നറിയിപ്പ് നൽകി. “ഒരു മികച്ച കളിക്കാരൻ എപ്പോഴും തന്നോട് തന്നെ മത്സരിക്കുന്നു, എന്നാൽ, റെക്കോർഡുകൾക്ക് പിന്നാലെ ഓടുന്നില്ല. സ്വന്തം റെക്കോർഡുകൾ തകർക്കാൻ അവൻ തീരുമാനിച്ചാൽ, അവനെ എതിർക്കുന്നവർക്ക് എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല,” സോധി കൂട്ടിച്ചേർത്തു.